മലപ്പുറം: മാർഗ്ഗംകളിയിലെ കുത്തക തിരിച്ചുപിടിച്ച് പൊന്നാനി വിജയമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ. കഴിഞ്ഞ വർഷത്തെ ജേതാക്കളായ സെന്റ് ജെമ്മാസ് മലപ്പുറത്തെ പിന്തള്ളിയാണ് 13 വർഷം സംസ്ഥാനതലത്തിൽ ജില്ലയെ പ്രതിനിധീകരിച്ച വിജയമാതായുടെ വിജയം.
കഴിഞ്ഞ വർഷം അപ്പീലിലൂടെ സംസ്ഥാന തലത്തിലെത്തിയ വിജയമാതാ ടീം മൂന്നാംസ്ഥാനം നേടിയിരുന്നു. 28 വർഷമായി കലോത്സവ പരിശീലന രംഗത്തുള്ള പുൽപ്പള്ളി സ്വദേശി സെബാസ്റ്റ്യനാണ് ഗുരു. മാർഗ്ഗംകളിയിൽ ഏഴ് ജില്ലകളിലായി 20 ടീമുകളാണ് സെബാസ്റ്റ്യന്റെ കീഴിൽ പരിശീലനം നേടുന്നത്.
ജില്ലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാല് ടീമുകളുമുണ്ട്.
ഹയർസെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച 13 ടീമുകളും എ ഗ്രേഡ് കരസ്ഥമാക്കി. താളബോധത്തോടെ കൃത്യമായ ചുവടും കലാശ തെറ്റാതെയും അവതരിപ്പിക്കുന്നതിൽ മത്സരാർത്ഥികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിധികർത്താക്കൾ പറഞ്ഞു. വേഷവിധാനങ്ങളിലെ അടക്കമുള്ള ചെറിയ കുറവുകൾ ഒഴിച്ചുനിർത്തിയാൽ മിക്ക ടീമുകളും നിലവാരം പുലർത്തിയെന്നാണ് വിധികർത്താക്കളുടെ അഭിപ്രായം.