മലപ്പുറം: വാശിയേറിയ ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിന്റെ വിജയഗാഥ. മാപ്പിളപ്പാട്ടിന്റെ ഈരടിയിൽ താളത്തിനൊത്ത ചുവടുകളും കോലടക്കവും മെയ്ത്താളവും കൊണ്ടും കാണികളെ ആവേശം കൊള്ളിച്ചാണ് ടീം ഒന്നാംസ്ഥാനം നേടിയത്. മഹ്റൂഫ് കോട്ടയ്ക്കലിന്റെ പരിശീലനത്തിലാണ് ടീം വേദിയിലെത്തിയത്. ഷംസദ് എടരിക്കോട് രചിച്ച 'ബദ്റ് കമാലെ ബരിശയ് റസൂലേ 'എന്ന തുടങ്ങുന്ന ഈരടികൾക്കാണ് കോട്ടൂർ ടീം ചുവടുവെച്ചത്. ജില്ലാതലത്തിൽ നിരവധി തവണ സ്കൂൾ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.