മലപ്പുറം: ചമ്പൽക്കാട് വിറപ്പിച്ച കാടിന്റെ റാണി ഫൂലൻദേവി മലപ്പുറം ടൗൺഹാളിൽ ഇന്നലെ വീണ്ടുമെത്തി. പുത്തൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ നദാ ഫാത്തിമയാണ് ഫൂലൻദേവിയെ അവതരിപ്പിച്ച് മോണോ ആക്ടിൽ തുടർച്ചയായി രണ്ടാംതവണയും വിജയകിരീടം ചൂടിയത്. മദ്ധ്യപ്രദേശിലെ ചമ്പൽക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് എം.പിയുമായ ഫൂലൻദേവിയുടെ കഥയാണ് നദ അവതരിപ്പിച്ചത്. ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന്പ്രതികാരദുർഗ്ഗയായ കൊളളക്കാരിയായി മാറിയ ഫൂലൻദേവിയുടെ കഥയുമായി അരങ്ങിൽ ജീവിക്കുകയായിരുന്നു നദാ ഫാത്തിമ. കഴിഞ്ഞ തവണയും ഇതേ കഥ തന്നെയാണ് അവതരിപ്പിച്ചത്. അഭിനയം ഇത്തവണ കൂടുതൽ മെച്ചപ്പെട്ടതായി കാണികൾ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന കലോത്സവത്തിലെ വിജയികളായിരുന്ന ശ്രീജിത്തും ഉണ്ണിമായയും ചേർന്നാണ് നിദാ ഫാത്തിമയെ കഥ പഠിപ്പിച്ചത്. മാതാപിതാക്കളായ അബ്ദുൾ നാസറും റൂബിയും മകൾക്ക് പൂർണ്ണ പിന്തുണയുമായുണ്ട്.