മലപ്പുറം: എച്ച്.എസ്.എസ് ആൺകുട്ടികളുടെ മിമിക്രിയിൽ പി. അഭിനവിന്റെ വിജയത്തിന് ഇരട്ടത്തിളക്കമാണ്. യൂട്യൂബിലും ടി.വി ചാനലുകളിൽ നിന്നും കണ്ടു പഠിച്ചാണ് അഭിനവ് മിമിക്രിയുമായി വേദിയിലെത്തിയത്. മൃഗങ്ങളുടെ ശബ്ദങ്ങൾ ഡി.ജെ ശബ്ദമായി അവതരിപ്പിച്ചുള്ള വേറിട്ട രീതി നിറഞ്ഞ കൈയടി നേടി. ജി.എച്ച്.എസ്.എസ് അരീക്കോടിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവ് ഒമ്പതാംതരത്തിൽ മിമിക്രിയിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നില്ല. പെയിന്റിംഗ് ജോലിക്കാരനായ നീലകണ്ഠന്റെയും ബേബിയുടെയും മകനാണ്. ഹയർസെക്കൻഡറി, ഹൈസ്കൂൾ മിമിക്രി മത്സരങ്ങളുടെ നിലവാരം ഉയരുന്നില്ലെന്ന് വിധികർത്താക്കളും കാണികളും ഒരുപോലെ പറയുന്നു. പതിവ് ശൈലികൾക്കപ്പുറം വേറിട്ട അവതരണ രീതിയുടെ അഭാവം പ്രകടമാണ്.