മലപ്പുറം: അച്ഛന്റെ മോള് തന്നെ, നാലാം തവണയും മിമിക്രിയിൽ ഒന്നാംസ്ഥാനം നേടിയ പൊന്നാനി പൂക്ക രത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസിലെ എം.ബിൻഷയുടെ പ്രകടനം കണ്ടവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. പിതാവായ കലാഭവൻ അഷ്റഫിന്റെ ശിക്ഷണത്തിൽ മിമിക്രി അഭ്യസിക്കുന്ന ബിൻഷ കഴിഞ്ഞ നാല് വർഷമായി തോൽവിയറിഞ്ഞിട്ടില്ല. വ്യത്യസ്തവും സമകാലികവുമായ വിഷയങ്ങൾ കോർത്തിണക്കിയായിരുന്നു ബിൻഷയുടെ പ്രകടനം. നാദസ്വരവും തകിലുമായി തുടങ്ങി, സൗണ്ട് ബോക്സിന്റെ അനുകരണം കാണികളിൽ അത്ഭുതം സൃഷ്ടിച്ചു. ശബരിമലയിലേക്ക് പുറപ്പെട്ട രഹ്നാ ഫാത്തിമയെയും തൃപ്തി ദേശായിയേയും ബിൻഷ അവതരിപ്പിച്ചു. യാചകനായി എ.കെ.ആന്റണിയും, കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ അനൗൺസറായി പിണറായി വിജയനും സുവിശേഷ പ്രാസംഗികനായി ഉമ്മൻചാണ്ടിയും തൈലം വിൽപ്പനക്കാരനായി വെള്ളാപ്പള്ളിയും എത്തിയപ്പോൾ ചിരിയുടെ വെടിക്കെട്ടായിരുന്നു.
അനുജൻ അബാനും അച്ഛന്റെയും ചേച്ചിയുടെയും പാതയിൽ തന്നെയാണ്.