മലപ്പുറം: പ്രളയവും രക്ഷാപ്രവർത്തനങ്ങളും സ്റ്റേജിൽ പുനരാവിഷ്കരിച്ചപ്പോൾഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ പുളിക്കൽ എ.എം.എച്ച്.എസ്.എസിലെ കെ. ഷഹാദിന്റെ കൂടെ പോന്നത് ഒന്നാംസ്ഥാനം. കാറ്റും കോളുമായെത്തിയ പ്രകൃതിയുടെ താണ്ഡവവും രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായെത്തുന്നതും വ്യോമസേനയുടെ ഹെലികോപ്റ്റർ രംഗത്തുവരുന്നതും ഇടുക്കി ഡാം തുറക്കുന്നതുമെല്ലാം തൊട്ടുമുന്നിൽ അരങ്ങേറും പോലെ അവതരിപ്പിക്കാൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹാദിനായി. മിമിക്രിയിലെ ഷഹാദിന്റെ ജില്ലാതലത്തിലെ കന്നിയങ്കമാണിത്. കഴിഞ്ഞ തവണ സബ് ജില്ലാതലം വരെ എത്തിയിരുന്നു. സ്കൂളിലെ ഓഫീസ് ജീവനക്കാരനായ റഫീഖ് മുഹമ്മദാണ് ഗുരു. 26 പേർ അണിനിരന്നതിൽ ഭൂരിഭാഗം പേരും സിനിമാ നടന്മാരുടെയും യന്ത്രോപകരണങ്ങളുടെയും ശബ്ദം അവതരിപ്പിച്ചപ്പോൾ വ്യത്യസ്ത അവതരണമാണ് ഷഹാദിന്‍ തുണയായത്. പുളിക്കൽ സിയാംകണ്ടത്തിലെ മുഹമ്മദ്കുട്ടി - സലീന ദമ്പതികളുടെ മകനാണ്.