മലപ്പുറം: തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് മുനീസിനെ നല്ല വാക്കുകൾ കൊണ്ട് മൂടുകയാണ്. പിന്തുണക്കേണ്ടവർ പിന്നോട്ടുനിന്നപ്പോഴും മനംമടുക്കാതെ അരങ്ങിൽ തകർത്തഭിനയിച്ചപ്പോൾ കൂടെ പോന്നത് ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ മികച്ച നടനെന്ന പുരസ്കാരം. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് വിദ്യാർത്ഥിയായ മുനീസിനും സംഘത്തിനും ഇതു മധുരപ്രതികാരം കൂടിയാണ്. കഴിഞ്ഞ വർഷം ഏറെ പ്രതീക്ഷയോടെയാണ് നാടക മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. കൃത്യസമയത്ത് ഹാജരായില്ലെന്ന് പറഞ്ഞ് നാടകത്തിന് അന്ന് വേദികയറാൻ സാധിച്ചില്ല. ഇതോടെ പരിശീലനത്തിന് ഏറെ സമയവും പണവും ചെലവഴിച്ച സ്കൂളധികൃതരും ഇത്തവണ നാടകത്തെ പാടെ അവഗണിച്ചു. നാടക പരിശീലകനെയും വച്ചില്ല. മുനീസിന്റെ നേതൃത്വത്തിൽ യൂട്യൂബിൽ നിന്നും കണ്ട ഒരു നാടകം മാറ്റംവരുത്തിയാണ് കുട്ടികൾ സ്വന്തമായി പരിശീലനം നടത്തി കലോത്സവത്തിൽ അവതരിപ്പിച്ചത്. 'ഏട്ടപ്പൊല്ലാപ്പ്' എന്ന പേരിൽ സ്കൂളിലെ പത്തംഗ സംഘത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകത്തിലെ അഭിനയ മികവിനാണ് മുനീസിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കലഹമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം .