vv
പി.വി.യാസിർ പ്രസംഗിക്കുന്നു

പൊന്നാനി: പ്രളയാനന്തരം പൊന്നാനിയിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും ഡ്രോൺ സർവേയും ഐക്യരാഷ്ട്രസഭയുടെ വേദിയിൽ. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന യുണൈറ്റഡ് നാഷൻസ് വേൾഡ് ജിയോസ്പാഷ്യൽ ഇൻഫർമേഷൻ കോൺഫറൻസിലാണ് കേരളത്തിലെയും പ്രത്യേകിച്ച് പൊന്നാനിയിലെയും പ്രളയാനന്തര പ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ചരിത്ര ഗവേഷകനും പൊന്നാനിയിലെ പ്രളയാനന്തര ഡ്രോൺ സർവേയുടെ ചുമതലക്കാരനുമായ പി.വി. യാസിറാണ് ഇവ അവതരിപ്പിച്ചത്.

ലോകത്ത് നടക്കുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളെയും സാങ്കേതികവിദ്യകളെയും സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ ചൈനയിൽ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തത്. ലോകത്തെ 83 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഔദ്യോഗിക ക്ഷണമനുസരിച്ചല്ലെങ്കിലും ഇന്ത്യയിൽ നിന്ന് യാസിർ മാത്രമാണ് പങ്കെടുത്തത്. പൊന്നാനിയിൽ നടന്ന ഡ്രോൺ സർവേയും ഇതിലൂടെ നടത്തിയ അതിജീവന പ്രവർത്തനങ്ങളും യാസിർ അക്കമിട്ട് നിരത്തി. പ്രളയത്തിൽ നഷ്ടപ്പെട്ട വീട്ടുപകരണങ്ങൾ ഡ്രോൺ സർവേയുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കിയതു മുതൽ പുനരധിവാസത്തിനായി ലക്ഷ്യമിടുന്ന സ്നേഹ ബെമ്മാടങ്ങൾ വരെ വേദിയിൽ പരാമർശിച്ചു. സമ്മേളനത്തിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ക്ഷണം ഉണ്ടായിരുന്നെങ്കിലും നിയമസഭ സമ്മേളനത്തോടനുബന്ധിച്ച തിരക്കുകൾ കാരണം പങ്കെടുക്കാനായില്ല. നേരത്തെ തിരുവനന്തപുരത്ത് നടന്ന യൂണിസെഫ് വേദിയിൽ സ്പീക്കറും പി.വി. യാസിറും പങ്കെടുത്തിരുന്നു. ജനീവയിൽ നടക്കുന്ന അന്താരാഷ്ട്ര ദുരന്തനിവാരണ സമ്മേളനത്തിലേക്ക് സ്പീക്കർക്ക് ക്ഷണമുണ്ട്. യു.എൻ, യൂണിസെഫ്, ലോകബാങ്ക് എന്നിവരുടെ പ്രളയാനന്തര റിപ്പോർട്ടിൽ ഇടം നേടിയ സർവേ അന്താരാഷ്ട്ര തലത്തിൽ പ്രയോഗികമാക്കാനുള്ള ആലോചനകളിലേക്ക് നീങ്ങുകയാണ്. യൂണിസെഫിന്റെ ദുരന്ത നിവാരണ ഉപകരണങ്ങളായ പി.ഡി. എൻ, ബി.ബി.ഡി എന്നിവയുടെ ഭാഗമാക്കി ഡ്രോൺ സർവേയെ മാറ്റാൻ കഴിയുമോയെന്നതിന്റെ സാദ്ധ്യതകൾ തേടിയിരുന്നു. ബാങ്കോക്കിൽ നടന്ന 18 ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ പൊന്നാനിയിലെ ഡ്രോൺ സർവേ നേരത്തെ അവതരിപ്പിച്ചിരുന്നു. പൊന്നാനിയുടെ 18 സ്ക്വയർ കിലോമീറ്ററിലാണ് ഡ്രോൺ സർവേ നടന്നത്. ഫ്ലഡ് ഡിവാസ്റ്റേഷൻ ഇൻഡക്സ് എന്ന മാപിനിയിൽ ഭൂതല ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത് ജി.ഐ.എസ് ഡ്രോൺ ഉപയോഗിച്ച് ആകാശ സർവേയാണ് പൊന്നാനിയിൽ നടന്നത്. 300 മീറ്റർ മുതൽ 100 മീറ്റർ വരെ ഉയരത്തിൽ പറത്തുന്ന ഡ്രോൺ പൊന്നാനിയെ ഒപ്പിയെടുത്തിരുന്നു.