മലപ്പുറം: കണ്ണുകളിലെ കൂരിരുട്ടിനെ മനസിലെ സംഗീതം കൊണ്ടു വെളിച്ചമാക്കുകയാണ് ഫാത്തിമ അൻഷി. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുമിടുക്കി ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിലും ഒന്നാമതെത്തി. മേലാറ്റൂർ ആർ.എം.എച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാത്ഥിയാണ് ഫാത്തിമ അൻഷി. ത്യാഗരാജ സ്വാമിയുടെ പൂർവികല്യാണി രാഗത്തിലുള്ള 'ജ്ഞാന മോസഖ രാധ'യാണ് ഫാത്തിമ ആലപിച്ചത്. ആലാപനത്തിൽ മനോധർമ്മം കൂടി ഉൾക്കൊള്ളിച്ചതോടെ വിധികർത്താക്കൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. മത്സരാർത്ഥികളെല്ലാം മികച്ച നിലവാരമാണ് പുലർത്തിയത്.
മങ്കടയിലെ കേരള സ്കൂൾ ഫോർ ബ്ലൈൻഡിലെ അദ്ധ്യാപകനായ നിസാർ തൊടുപുഴയാണ് എട്ടുവർഷമായി ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഫാത്തിമ അൻഷിയുടെ ഗുരു. ഒന്നാംക്ലാസിലെ കുട്ടികളെ നഴ്‌സറി ഗാനങ്ങൾ പഠിപ്പിക്കുന്നതിനിടെയാണ് ഫാത്തിമയുടെ ഉള്ളിലെ സംഗീതം ഗുരുവും ജന്മനാ അന്ധനുമായ നിസാർ തൊടുപുഴ തിരിച്ചറിയുന്നത്. അന്ന് മുതൽ സംഗീതം പകർന്ന് കൂടെയുണ്ട് ഈ ഗുരുനാഥൻ. മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ ഷൺമുഖ പ്രിയരാഗം പാടി നേടിയ രണ്ടാംസ്ഥാനമാണ് ആദ്യസമ്മാനം. ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ലളിതഗാനം എന്നിങ്ങനെ പിന്നീട് മത്സരിച്ച ഇനങ്ങളിലെല്ലാം മുന്നിലെത്തി. പട്ടുറുമാൽ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു.
വലുതാകുമ്പോൾ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാവണമെന്നാണ് ഫാത്തിമ അൻഷിയുടെ സ്വപ്‌നം. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും ഭാഷകൾ പഠിക്കാനുമാവുമെന്നതാണ് ഈ സ്വപ്‌നത്തിന് ചിറകേകുന്നത്. ഗൂഗിൾ, യൂട്യൂബ് സഹായത്തോടെ ചൈനീസ്, റഷ്യൻ, ഫ്രഞ്ച്, സ്പാനിഷ് അടക്കം 12 ഭാഷകളും പഠിച്ചിട്ടുണ്ട് ഈ കൊച്ചുകലാകാരി. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ബിരുദമെടുക്കണമെന്നാണ് ഫാത്തിമയുടെ ആഗ്രഹം. ഓരോ ജില്ലയിലും വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഈ മിടുമിടുക്കിയാണ്. എടപ്പറ്റയിലെ തൊടുകുഴുക്കുന്നുമ്മൽ അബ്ദുൾ ബാരി - ഷംല ദമ്പതികളുടെ ഏക മകളാണ് ഫാത്തിമ അൻഷി. ഭിന്നശേഷിക്കാർക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്.