kk
.

മലപ്പുറം: ലോക എയ്‌ഡ്‌സ് ദിനത്തിന്റെ 30ാം വാർഷികദിനാചരണം നടക്കുമ്പോൾ ജില്ലയിൽ എച്ച്.ഐ.വി ബാധിതർ കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 16 വർഷങ്ങളിലായി എച്ച്.ഐ.വി പരിശോധന കേന്ദ്രങ്ങളിൽ എത്തിയ മൂന്ന് ലക്ഷത്തിലധികം ആളുകളിൽ 626 പേരിലാണ് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. 2017 നെ അപേക്ഷിച്ച് 2018ൽ ജില്ല എച്ച്.ഐ.വി നിർമ്മാർജ്ജനരംഗത്ത് കാര്യമായ പുരോഗതി കൈവരിച്ചു. സംസ്ഥാനത്ത് എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമായ 52 ലക്ഷത്തിലധികം (5243394) ആളുകളിൽ 31612 പേർ എയ്ഡ്‌സ് ബാധിതരാണ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്‌സ് ബാധിതർ തിരുവനന്തപുരം ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. ഇവരെല്ലാം അതാത് ജില്ലയിലുള്ളവരാണെന്ന് ഉറപ്പിക്കാനാവില്ല. മറ്റു ജില്ലകളിൽ നിന്ന് ഇവിടെയെത്തി പരിശോധന നടത്തിയവരാകാനും സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരായവർക്ക് ചികിത്സ നൽകുന്നതിന് വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് വിവിധ പദ്ധതികളിലൂടെ സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങളിലൂടെ ഒരു പരിധിവരെ എച്ച്.ഐ.വി ബാധിച്ചവരെ കണ്ടെത്താനും ആവശ്യമായ ചികിത്സ നൽകാനുമായിട്ടുണ്ട്. 2017ലെ കണക്കുപ്രകാരം 1299 പേർ എയ്ഡ്‌സ് ബാധിതരാണെങ്കിൽ 2018 ഓടെ 886 ആയി കുറയ്ക്കാനായി. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കൊണ്ടും എയ്ഡിസിനെതിരായ കാര്യക്ഷമമായ കാമ്പയനിംഗിനാലുമാണ്. എച്ച്.ഐ.വി അണുബാധ സാദ്ധ്യതയുള്ളവരിൽ പ്രവർത്തിക്കുന്ന 59 സുരക്ഷ പദ്ധതികൾ, സർക്കാർ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന 530 ജ്യോതിസ് കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലുമുള്ള ഉഷസ്, 23 പുലരി കേന്ദ്രങ്ങൾ തുടങ്ങിയവയിൽ എച്ച്.ഐ.വി പരിശോധനയും കൗൺസലിംഗും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യും. കൂടാതെ 177 അംഗീകൃത രക്തബാങ്കുകളും എയ്ഡ്‌സ് നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കുന്നു. എച്ച്.ഐ.വി നിയന്ത്രണത്തിൽ ഏറെ പുരോഗതി കൈവരിച്ചെങ്കിലും എച്ച്.ഐ.വി വാഹകരായിട്ടും അതറിയാതെ ജീവിക്കുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കുക, ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുക എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനാചരണത്തിന്റെ ലക്ഷ്യം. നിങ്ങളുടെ എച്ച്.ഐ.വി നില അറിയുക എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനാചരണത്തിന്റെ മുദ്രാവാക്യം. ഇതോടനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.