പെരിന്തൽമണ്ണ: പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഇന്നോവ കാറും രണ്ടുലക്ഷം രൂപയും കവർന്ന സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി ഓമാനൂർ സ്വദേശികളായ കുറ്റിക്കാട്ടിൽ മെഹബൂബ് (21), പാറക്കണ്ടി ജിബിൻ(23) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ പെരിന്തൽമണ്ണയിൽ നിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി കൊണ്ടോട്ടിയിലെ ഓമാനൂരിലെത്തിച്ച് ഇന്നോവകാർ, രണ്ട് ലക്ഷം രൂപ, പാസ്‌പോർട്ട്, വാച്ച് എന്നിവ കൈക്കലാക്കിയെന്നാണ് പരാതി. സൂത്രധാരനടക്കം രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു.
ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം.പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.