മലപ്പുറം: തബല ജീവിതത്തിന്റെ താളമായപ്പോൾ കൽക്കത്ത ഒട്ടുംദൂരെയല്ലാതായി അമലിന്. സ്കൂൾ അവധിക്കാലത്തും ഗുരു ആവശ്യപ്പെടുമ്പോഴുമെല്ലാം കൽക്കത്തയിലെത്തി തബലയുടെ താളം ഹൃദിസ്ഥമാക്കും. തബല വിദ്വാനും കൽക്കത്ത സ്വദേശിയുമായ അനിൻന്ദോ ചാറ്റർജിയുടെ കീഴിലാണ് ജി.ബി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയായ അമലിന്റെ പഠനം. ഗുരുവിന്റെ ശിഷ്യനെന്ന പേര് അന്വർത്ഥമാക്കി ഹയർസെക്കൻഡറി വിഭാഗം തബലയിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. തബല പഠനത്തെ പ്രോത്സാഹിപ്പിക്കാൻ അനിൻന്ദോ ചാറ്റർജിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ശിൽപ്പശാലയിൽ നിന്നാണ് തുടർപഠനത്തിനായി അമലിനെ തിരഞ്ഞെടുത്തത്. ജില്ലാ കലോത്സവങ്ങളിൽ എട്ടാംതരം മുതൽ തുടർച്ചയായി തബലയിൽ അമലാണ് താരം. 2015ൽ സംസ്ഥാനമേളയിൽ ഒന്നാംസ്ഥാനവും കഴിഞ്ഞ വർഷം രണ്ടാംസ്ഥാനവും നേടി. പങ്കെടുത്ത വർഷങ്ങളിലെല്ലാം എ ഗ്രേഡ് നേടിയിട്ടുണ്ട്. തിരൂർ തൃക്കണ്ടിയൂർ സ്വദേശിയും മെഡിക്കൽ റെപ്രസെന്റീവുമായ കെ.എ. രവിയുടെയും എം.എൻ. ഉഷയുടെയും മകനാണ്.