മലപ്പുറം: ഓട്ടോയോടിച്ചെത്തിയ അജിഷ ഹയർസെക്കൻഡറി വിഭാഗം നാടകത്തിൽ മികച്ച നടി. ഓട്ടോ ഡ്രൈവറായ കുടുംബനാഥൻ മടിയനായതോടെ വീടുപുലർത്താൻ ഓട്ടോഡ്രൈവറായി മാറിയ രാധികയെന്ന കഥാപാത്രത്തെയാണ് അജിഷ തന്മയത്തോടെ അവതരിപ്പിച്ചത്. സമൂഹത്തിൽ നിന്നുള്ള എതിർപ്പുകൾ മറികടന്ന് സ്ത്രീശാക്തീകരണ സന്ദേശമേകുകയാണ് കൊളത്തൂർ എൻ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓട്ടോയെന്ന നാടകം. തുടർച്ചയായ അഞ്ചാംതവണയും കൊളത്തൂരിനാണ് ഒന്നാംസ്ഥാനം.സാങ്കേതിക മികവുകൊണ്ടും നാടകം ശ്രദ്ധേയമായി. ജിനേഷ് ആമ്പല്ലൂരിന്റെ സംവിധാനത്തിൽ അരങ്ങേറിയ നാടകത്തിൽ ഓട്ടോ തന്നെയായിരുന്ന മുഖ്യകഥാപാത്രം. ഇലക്ട്രിക്കൽ സ്കൂട്ടറിന്റെ എൻജിൻ ഉപയോഗിച്ച് ഓട്ടോരൂപത്തിൽ ഫ്രെയ്മുണ്ടാക്കി സ്റ്റേജിൽ സഞ്ചരിപ്പിച്ചതും ഏറെ കൗതുകം സൃഷ്ടിച്ചു. 17 ടീമുകളാണ് മത്സരിച്ചത്.