മലപ്പുറം: ഓഡിറ്റിംഗ് വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ ജില്ലയിൽ ദുരിതത്തിലാണ്ട് ആയിരത്തിലധികം വൃക്കരോഗികൾ. സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിച്ചിരുന്ന സൊസൈറ്റി സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കിയിട്ടില്ലെന്ന് കാണിച്ച് മന്ത്രി കെ.ടി. ജലീലിന്റെ കാലത്ത് തുടർഫണ്ടനുവദിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതോടെ രോഗികൾക്കുള്ള സൗജന്യ മരുന്നുവിതരണം സർക്കാർ ആശുപത്രികൾ മുഖേനയാക്കി. ഇതുവഴി ലഭിക്കുന്ന മരുന്നുകൾക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നാണ് പരാതി. മരുന്നിലെ കെമിക്കലുകളിൽ വ്യത്യാസമുണ്ടെന്നതിനാൽ ഇത് കഴിക്കുന്നത് ഡോക്ടർമാർ വിലക്കിയതോടെ ദുരിതത്തിലായിരിക്കുകയാണ് രോഗികൾ.
മരുന്ന് കണ്ടന്റിലെ ചെറിയ വ്യത്യാസം പോലും വൃക്കരോഗികൾക്ക് പ്രതികൂലമായി ബാധിച്ചേക്കാം. അണുബാധ സാദ്ധ്യതയും വർദ്ധിപ്പിക്കും. മുപ്പത് ലക്ഷം രൂപയാണ് കിഡ്നി മാറ്റിവയ്ക്കുന്നതിനും ഒരുവർഷത്തേക്കുള്ള ചികിത്സയ്ക്കുമായി ചെലവുവരുന്നത്. ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് നല്ലൊരു പങ്ക് രോഗികളുടെയും ശസ്ത്രക്രിയ നടത്തിയത്. മാസം ചുരുങ്ങിയത് ഏഴായിരം രൂപയെങ്കിലും മരുന്നുകൾക്ക് ചെലവഴിക്കണം. ശസ്ത്രക്രിയ കഴിഞ്ഞ ഒരുവർഷമാവാത്ത രോഗികൾക്ക് 20,000 രൂപയും അതിന് മുകളിലും ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡോക്ടർമാർ എഴുതുന്ന മരുന്ന് തന്നെ സൊസൈറ്റി വഴി ലഭിച്ചിരുന്നത് ഏറെ ആശ്വാസമായിരുന്നെന്ന് രോഗികൾ പറയുന്നു.
വീടിന് സമീപത്തെ പാലിയേറ്റീവ് കെയർ വഴിയായിരുന്നു മരുന്ന് വിതരണം.
സൊസൈറ്റി മുഖേന മരുന്ന് വിതരണം പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ ഗുണമേന്മയുള്ള മരുന്നകൾ ലഭ്യമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്താനൊരുങ്ങുകയാണ് രോഗികൾ.
മാറ്റം വരുത്തിയ വിന
കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ മൂന്ന് ലക്ഷം രൂപയും നഗരസഭകൾ അഞ്ച് ലക്ഷം രൂപയും നൽകിയിരുന്നു
ഈ സംഭാവന നൽകാൻ 2008 മുതൽ സർക്കാർ ഉത്തരവ് വഴി അനുമതി നൽകിയിരുന്നു. 2015- 16 വരെ ഈ ഉത്തരവ് പ്രകാരം ഫണ്ട് അനുവദിച്ചു.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഈ ഉത്തരവ് പുതുക്കിയില്ല. കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന സൊസൈറ്റി യാതൊരു ഓഡിറ്റിംഗും നടത്തിയിട്ടില്ലെന്നും സുതാര്യത വേണമെന്നും കാണിച്ചാണ് സർക്കാർ നടപടി.
മരുന്നുകൾ ഇ-ടെൻഡർ വഴി വാങ്ങുകയും സർക്കാർ ജില്ലാ ആശുപത്രികൾ വഴി വിതരണം ചെയ്യുകയുമാണ് നിലവിൽ ചെയ്യുന്നത്.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് മരുന്ന് നൽകാൻ തയ്യാറാവുന്ന കമ്പനികളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഇതു മരുന്നിന്റെ ഗുണമേന്മയെ ബാധിക്കുന്നതായാണ് രോഗികളുടെ പരാതി.
മരുന്നിന്റെ ഗുണമേന്മക്കുറവും കെമിക്കലുകളിലെ വ്യത്യാസവും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്
മോയിൻകുട്ടി കിഴിശ്ശേരി
കിഡ്നി ട്രാൻസ്പ്ലാന്റ് ഫാമിലി വെൽഫെയർ അസോസിയേഷൻ ചെയർമാൻ
ചില മരുന്നുകൾ കഴിക്കുന്നവർക്ക് ചൊറിച്ചിൽ, ഛർദ്ദി പോലുള്ളവ ഉണ്ടാകുന്നുണ്ട്. ഈ മരുന്നുകൾ കഴിക്കേണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
പി. ദേവൻ
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾ
1,300
ഓളം വൃക്കരോഗികളിൽ നല്ലൊരു പങ്കും സൊസൈറ്റിയെയാണ് ജില്ലയിൽ മരുന്നിനായി ആശ്രയിച്ചിരുന്നത്.