മലപ്പുറം: ജില്ലാ കൗമാരോത്സവത്തിന് തിരശ്ശീല വീണപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ കൊണ്ടോട്ടിയും ഹയർസെക്കൻഡറിയിൽ മലപ്പുറം ഉപജില്ലയും ജേതാക്കളായി. വ്യാഴാഴ്ച്ച പുലർച്ചെ വരെ നീണ്ട ഹയർസെക്കൻഡറി വിഭാഗം ഒപ്പന, നാടോടിനൃത്തം, തിരുവാതിരക്കളി മത്സരങ്ങൾക്ക് ശേഷമാണ് വിജയികളെ തീരുമാനിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ ആദ്യദിനത്തിൽ കൊണ്ടോട്ടിക്ക് വെല്ലുവിളി ഉയർത്തി മഞ്ചേരി ഇഞ്ചോടിഞ്ച് നിന്നെങ്കിലും അവസാന രണ്ട് ദിനങ്ങളിലെ പ്രകടനം കൊണ്ടോട്ടിയെ മുന്നിലെത്തിച്ചു. 291 പോയിന്റാണ് കൊണ്ടോട്ടിക്ക് ലഭിച്ചത്. രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് മഞ്ചേരിക്ക് ഒന്നാംസ്ഥാനം നഷ്ടമായത്. 287 പോയിന്റോടെ വേങ്ങരയാണ് മൂന്നാമത്.
ഹയർസെക്കൻഡറിയിൽ ആദ്യദിനം മുതൽ മലപ്പുറത്തിന്റെ ആധിപത്യമായിരുന്നു. പ്രധാന ഇനങ്ങളിലെല്ലാം മലപ്പുറം ഉപജില്ലയിലെ മത്സരാർത്ഥികളാണ് മുന്നിട്ടുനിന്നത്. 349 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 331 പോയിന്റോടെ വേങ്ങരയാണ് രണ്ടാമത്. മൂന്നാംസ്ഥാനം എടപ്പാൾ കരസ്ഥമാക്കി. അറബിക് കലോത്സവത്തിലും സംസ്കൃത കലോത്സവത്തിലും കൊണ്ടോട്ടിയാണ് ജേതാക്കൾ. സ്കൂളുകളിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗത്തിൽ ജേതാക്കളായി. പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്, കൊട്ടുകര പി.പി.എം.എച്ച്.എസ്.എസ്. എന്നിവർ യഥാക്രമം ഇരുവിഭാഗങ്ങളിലുമായി രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ വർഷം ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സ്കൂളുകളെെ അട്ടിമറിക്കുന്ന കാഴ്ച്ചയ്ക്കും കലോത്സവം സാക്ഷിയായി.