പൊന്നാനി: പുരാതന പൊന്നാനിയെ പഴമയോടെ സംരക്ഷിക്കാൻ മുസ്രിസ് മാതൃകയിൽ പദ്ധതി തയാറാക്കുന്നു. പൊന്നാനിയിലെ പഴയ കെട്ടിടങ്ങളും നിർമ്മിതികളും പഴമ വിടാതെ നിലനിറുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മുസ്രിസ് ഡയറക്ടർ ശനിയാഴ്ച്ച പൊന്നാനി സന്ദർശിക്കും. പൊന്നാനിയിലെ പഴയ തറവാടുകൾ, കോടതി സമുച്ചയം, അങ്ങാടിയിലെ കെട്ടിടങ്ങൾ, വലിയ ജുമാഅത്ത് പള്ളി ഉൾപ്പെടെയുള്ള മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങൾ, കുളങ്ങൾ എന്നിവയാണ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമാക്കുക. മട്ടാഞ്ചേരി മാതൃകയിൽ പൊന്നാനിയിലെ പഴയ വ്യാപാര കേന്ദ്രങ്ങൾ സംരക്ഷിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള കുറ്റിക്കാട് വാവുവാണിഭത്തെ ടൂറിസം വകുപ്പ് പൈതൃക ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. ചിരപുരാതനമായ പൊന്നാനി ജെ.എം റോഡിലെ പെരുന്നാൾ രാവിനെയും ഇത്തരത്തിൽ മാറ്റാൻ ആലോചനയുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കോടതി സമുച്ചയം അറ്റകുറ്റപ്പണി നടത്തി അതുപോലെ നിലനിറുത്തുന്നത് ആദ്യഘട്ടത്തിൽ പരിഗണിക്കും.
നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതിയും രജിസ്ട്രാർ ഓഫീസും പുതിയ കെട്ടിടം നിർമ്മിച്ച് അതിലേക്ക് മാറ്റാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഹാർബർ പരിസരത്തും മറ്റുമായി നിലനിൽക്കുന്ന വ്യാപാരകാലത്തെ ശേഷിപ്പുകൾ അതുപോലെ നിലനിറുത്തും. മത്സ്യ ബന്ധന കേന്ദ്രമായ പാതാറിനെ സംരക്ഷിച്ചു നിറുത്താനും ആലോചനയുണ്ട്.
പൊന്നാനിയിലെ പഴമയെ നിലനിറുത്താൻ കൽപ്പാത്തി മോഡൽ പൈതൃക സംരക്ഷണമാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പദ്ധതി ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇക്കാര്യത്തിൽ പൊന്നാനിയിലെ പൗരപ്രമുഖരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചു ചേർത്തിരുന്നു.
മുസ്രിസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദർശനത്തോടെ പദ്ധതിയുടെ കാര്യത്തിൽ ധാരണയാകും.