പൊന്നാനി: മത്സ്യബന്ധനത്തിനിടയിലും അല്ലാത്തപ്പോഴും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഇനി വിദഗ്ദ്ധ പരിശീലനം ലഭിച്ച സീ റസ്ക്യൂ സ്ക്വാഡിന്റെ സേവനം ലഭിക്കും. ജില്ലയിൽ പൊന്നാനി, പുറത്തൂർ, താനൂർ, പരപ്പനങ്ങാടി എന്നീ നാല് കേന്ദ്രങ്ങളിലാണ് സ്ക്വാഡ് പ്രവർത്തിക്കുക. അഞ്ച് സുരക്ഷാ ബോട്ടുകളിൽ നാല് പേർ വീതമുള്ള സ്ക്വാഡുകളെയാണ് നിയമിക്കുന്നത്. ഇതിനായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മത്സ്യബന്ധന മേഖലയിൽ സജീവ സാന്നിദ്ധ്യമായ മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള അറുപത് വയസിന് താഴെ പ്രായമുള്ള സേവന സന്നദ്ധരായവർക്ക് സീ സ്ക്വാഡ് അംഗമാകാം. എൻജിൻ ഘടിപ്പിച്ച യാനത്തിന്റെ ഉടമയ്ക്കും അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയ മത്സ്യത്തൊഴിലാളിക്കും. അവസരമുണ്ട്. നീന്തൽ പ്രായോഗിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സിൽ നിന്ന് സൗജന്യമായി 20 ദിവസത്തെ വിദഗ്ദ്ധ പരിശീലനം നൽകും. ട്രെയിനിംഗ് ഫീസ്, ഭക്ഷണം, താമസം എന്നിവ കൂടാതെ യാത്രാച്ചെലവുകൾക്കായി പ്രതിദിനം 700 രൂപ അലവൻസും ലഭിക്കും.
അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും
സീ സ്ക്വാഡിന് ആധുനിക സുരക്ഷാസൗകര്യങ്ങളുള്ള ബോട്ടാണ് അനുവദിക്കുക.
ഇതിൽ നാവിഗേഷൻ ഉപകരണം, ബൈനോക്കുലർ, ജി.പി.എസ്. സെർച്ച് ലൈറ്റ്, ലൈഫ് ജാക്കറ്റ്, ലൈഫ്ബോയ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുണ്ടാകും.
നിലവിൽ തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് പരിഗണിക്കപ്പെട്ടവർ പരിശീലനത്തിനായി ഗോവയിലേക്ക് പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ഓഖിയ്ക്ക് പിന്നാലെയുണ്ടായ പ്രളയദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച നിർണായക പങ്കാളിത്തം കണക്കിലെടുത്ത് സീ സ്ക്വാഡ് രൂപവത്കരിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിക്കുകയായിരുന്നു.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേതനമുണ്ടാവും. ഇവർക്ക് സാധാരണ പോലെ ജോലിക്ക് പോകുന്നതിന് തടസമുണ്ടാകില്ല
സി .ജയനാരായണൻ
പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ