മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം ഡിസംബർ 27 മുതൽ 30 വരെ നടക്കുന്ന ഗ്രാൻഡ് കോൺഫറൻസോടെ സമാപിക്കും. ഇതിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ വൈസനിയം സ്‌നേഹയാത്ര ഡിസംബർ രണ്ടിന് ആരംഭിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിക്ക് പതാക കൈമാറും. യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദ്ഘാടന സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് കാസർകോട് ഹൊസങ്കടിയിൽ കർണ്ണാടക നഗര വികസന വകുപ്പ് മന്ത്രി യു.ടി ഖാദർ ഉദ്ഘാടനം ചെയ്യും. ഡിസംബർ 4, 5 തീയതികളിൽ അന്താരാഷ്ട്ര ഇബ്‌നു ബത്തൂത്ത കോൺഫറൻസ് കോഴിക്കോട് നടക്കും. മൊറോക്കോ അംബാസിഡർ മുഹമ്മദ് മാലികി ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് രണ്ടിന് വൈസനിയം ഗാർഡ് കോൺഫറൻസ് നടക്കും. വൈകിട്ട് മൂന്നിന് മഅ്ദിൻ എജ്യു പാർക്ക് കാമ്പസിന്റെ ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. 25ന് വൈകിട്ട് അഞ്ചിന് അകക്കണ്ണ് പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. 26ന് യുവ ഗവേഷക സംഗമം. ഉച്ചയ്ക്ക് രണ്ടിന് സംസാരശേഷിയില്ലാത്തവരുടെ സൈലന്റ് സെമിനാർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 30ന് മഹാ സമ്മേളനത്തോടെ വൈസനിയം സമാപിക്കും. വാർത്താസമ്മേളനത്തിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, അബ്ദുസമദ് ഹാജി, ഉമ്മർ മേൽമുറി, ദുൽഫുഖാറലി സഖാഫി എന്നിവർ പങ്കെടുത്തു.