വളാഞ്ചേരി: കുറ്റിപ്പുറം മൂടാലിൽ റോഡരികിൽ അയ്യപ്പഭക്തനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര സ്വദേശി ചന്ദ്രശേഖർ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള ഇയാളെ വ്യാഴാഴ്ച വൈകിട്ട് മുതൽ വളാഞ്ചേരിയിൽ നിന്നും കാണാതായിരുന്നു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന്ധ്ര, കർണ്ണാടക സ്വദേശികളായ 13 അംഗ ശബരിമല തീർത്ഥാടക സംഘത്തിലെ അംഗമായിരുന്നു മരിച്ച ചന്ദ്രശേഖർ. ശബരിമലയിൽ നിന്നും നാട്ടിലേക്ക് മടങ്ങുംവഴി വ്യാഴാഴ്ച രാത്രിയിൽ വളാഞ്ചേരിയിൽവെച്ച് വാഹനം കേടുവന്നതിനെ തുടർന്ന് സംഘം വട്ടപ്പാറ എസ്.എൻ.ഡി.പി. ഓഫീസിൽ തങ്ങുകയായിരുന്നു. പുലർച്ചയോടെയാണ് ചന്ദ്രശേഖറിനെ കാണാതാകുന്നത്. തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെ മൂടാലിൽ വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം കുറ്റിപ്പുറം പൊലീസ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ എത്തിക്കുകയായിരുന്നു. മാനസിക വൈകല്യമുള്ള ഇയാൾ രാത്രിയിൽ ഇറങ്ങി നടന്നപ്പോൾ വാഹനം ഇടിച്ച് മരിച്ചതാകാമെന്നാണ് കരുതുന്നത്. കുറ്റിപ്പുറം എസ്.ഐ. ബഷീർ ചിറക്കൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.