വടക്കഞ്ചേരി: കായിക മത്സരങ്ങളിൽ മികവ് ഉയർത്തി മലയോര പ്രദേശമായ കിഴക്കഞ്ചേരിയിലെ സർക്കാർ ഹൈസ്‌കൂൾ. കഴിഞ്ഞ സബ് ജില്ലാ, ജില്ലാ, സോണൽ മത്സങ്ങളിൽ കിഴക്കഞ്ചേരി സ്‌കൂളിലെ നിരവധി വിദ്യാർത്ഥികളാണ് മുമ്പൊന്നും ഇല്ലാത്തവിധം മുൻ നിരയിലെത്തിയത്. അത്‌ലറ്റിക്സിലും ഗെയിംസിലും ഒരുപോലെ മികവുയർത്താൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ക്രിക്കറ്റ്, ഹോക്കി, കബഡി, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ സോണൽ തലത്തിൽ കളിച്ച ജില്ലാ ടീമിലെ ഭൂരിഭാഗം താരങ്ങളും കിഴക്കഞ്ചേരി ഗവൺമെന്റ് സ്‌കൂളിൽ നിന്നായിരുന്നു. വോളിബോളിന്റെ കേരള ടീമിലും കിഴക്കഞ്ചേരി സ്‌കൂളിൽ നിന്നുള്ള രോഹിത് ഉൾപ്പടെയുള്ളവരുണ്ട്. ഇരുന്നൂറിലേറെ കായിക പ്രതിഭകളാണ് സ്‌കൂളിന്റെ മികവുണർത്തുന്നത്. വോളിബോളിൽ നേരത്തേയും കിഴക്കഞ്ചേരി സ്‌കൂൾ മുന്നിലായിരുന്നെങ്കിലും മറ്റു മത്സര ഇനങ്ങളിൽ കൂടി മികവുയർന്നതോടെ ജില്ലയിലെ തന്നെ ശ്രദ്ധേയമായ സ്‌കൂളായി കിഴക്കഞ്ചേരി സർക്കാർ സ്‌കൂൾമാറി.
പരിമിതമായ സൗകര്യങ്ങളിൽ കൂടുതൽ കരുത്താർജിച്ച് കുതിക്കുകയാണ് കുട്ടികൾ. കായികാദ്ധ്യാപിക വി.രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് രാവിലെയും വൈകിട്ടുമുള്ള പരിശീലനം. സ്പോർട്‌സ് ഹോസ്റ്റൽ സൗകര്യവും സ്‌കൂളിനെ മികവിലേക്ക് ഉയർത്താൻ ഏറെ സഹായകമാകുന്നുണ്ട്.
കിഴക്കഞ്ചേരി ഗവ.ഹൈസ്‌കൂൾ