ഷൊർണൂർ: കർഷകരുടെ സ്വപ്നങ്ങൾ പ്രളയം തകർത്തെറിഞ്ഞെങ്കിലും മാസങ്ങൾക്കകം വള്ളുവനാട്ടിലെ വിവിധ പാടശേഖരങ്ങൾ രണ്ടാം വിളയ്ക്ക് തയ്യാറെടുത്തു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് രണ്ടാംവിളയ്ക്കുള്ള ജലവിതരണം ഈ മാസം ആദ്യവാരം തന്നെ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകുന്നുണ്ടെങ്കിലും കർഷകർ ഇപ്പോഴും ആശങ്കയിലാണ്. ജലവിതരണം കാര്യക്ഷമമാകണമെങ്കിൽ കനാലുകൾ വൃത്തിയാക്കേണ്ടതുണ്ട്. ഈ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
തരിശായി കിടന്നിരുന്ന ഷൊർണൂരിലെ മുണ്ടായ പാടശേഖരത്തിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളിലാണ് ഇത്തവണ കർഷകർ രണ്ടാം വിളവിറക്കിയിരിക്കുന്നത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയതിനാൽ കഴിഞ്ഞ മൂന്നുവർഷമായി ഈ പാടശേഖരത്തിൽ യുവാക്കാളഉടെയും മറ്റും നേതൃത്വത്തിൽ നെൽക്കൃഷി സജീവമായിരുന്നു. ഭൂവുടമകൾ കൃഷിയിറക്കാത്ത പാടശേഖരങ്ങൾ പാട്ടത്തിനെടുത്താണ് പലരും വിളവിറക്കിയത്. പക്ഷേ, കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ഇറിഗേഷൻ വകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമാണ് കർഷകരിൽ നിന്നുയരുന്നത്.
ഭാരതപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ചെറിയ സ്വകാര്യ ജലസേചന പദ്ധതികളിൽ മിക്കവയും വെള്ളമില്ലാതെ പ്രവർത്തനം മുടങ്ങിക്കിടക്കുകയാണ്. മുണ്ടായ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ജലസേചന സൗകര്യങ്ങൾ മുണ്ടായ കിഴക്കൻ മേഖലയിലെ പാടശേഖരങ്ങൾക്ക് ലഭിക്കുന്നില്ല എന്നതും കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജലസേചന പദ്ധതികളുടെ ഭാഗമായ കനാലുകൾ പലയിടത്തും തകർന്നിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ കനാലുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.