പട്ടാമ്പി: ഏറെ നാളായി തകർന്ന് കിടക്കുന്ന കൊപ്പം- വളാഞ്ചേരി, മുതുതല- ചെറുകുടങ്ങാട് റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി. ചതിക്കുഴികൾ നിറഞ്ഞ പാതയിൽ ഗതാഗതം ദുസഹമായതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.
രണ്ടുവർഷം മുമ്പ് റബറൈസ്ഡ് ചെയ്ത വളാഞ്ചേരി റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടത്. കൊപ്പം മുതൽ നടുവട്ടം വരെയുള്ള ഭാഗത്താണ് കൂടുതൽ തകർച്ച. പാത ആരംഭിക്കുന്ന കൊപ്പം ടൗണിൽ വലിയ കുഴികളാണുള്ളത്. ടൗൺ പെട്രോൾ പമ്പിന് സമീപവും പുലാശേരി സ്‌കൂളിന് മുന്നിലും ഒന്നാന്തിപ്പടിയിലും നടുവട്ടം സ്‌കൂളിന് മുന്നിലും കാൽനട യാത്ര പോലും പറ്റാത്ത വിധം തകർന്നു.
നിരവധി തവണ പാറപ്പൊടി ഉപയോഗിച്ച് കുഴിയടച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അറ്റകുറ്റപണി. പാതയിൽ പല ഭാഗങ്ങളെയും കുഴികൾ അപകടത്തിനും ഇടയാക്കി. പുലാശേരി വളവിൽ രണ്ടു മാസത്തിനിടെ പത്തിലേറെ അപകടം സംഭവിച്ചു. ഇരുചക്ര വാഹനങ്ങൾ കുഴി വെട്ടിച്ചെടുക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.
മുതുതല- ചെറുകുടങ്ങാട് റോഡിലും വലിയ കുഴികളാണുള്ളത്. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെയും നവീകരണം നടത്തുന്നത്.