പട്ടാമ്പി: കുന്തിപ്പുഴയിൽ പുലാമന്തോൾ കടവിലെ തകർന്ന തടയണ ഉടൻ പുനർനിർമിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

തടയണയ്ക്ക് കേടുപാട് സംഭവിച്ച സാഹചര്യത്തിൽ ഉടൻ അറ്റകുറ്റപണി നടത്തി പുനർനിർമ്മിക്കാൻ തീരുമാനിച്ചു. നേരത്തെ 15 ലക്ഷം രൂപയുടെ പുനരുദ്ധാരണത്തിന് തുക വകയിരുത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ പണി നടന്നില്ല. 2014ലാണ് ജില്ലാ പഞ്ചായത്ത് ഗ്രാമീണ പശ്ചാത്തല വികസന ഫണ്ട് ഉപയോഗിച്ച് രണ്ടര കോടി രൂപ ചെലവിൽ തടയണ നിർമിച്ചത്.

പുലാമന്തോൾ, കൊപ്പം, കുലുക്കല്ലൂർ പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് പദ്ധതി കൊണ്ടുവന്നത്. മൂന്ന് പഞ്ചായത്തുകളിയെും കുടിവെള്ള ക്ഷാമത്തിന് തടയണ പരിഹാരം കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് തടയണയുടെ വിളയൂർ ഭാഗത്തെ വിയർ വാളിൽ ചോർച്ച കണ്ടത്. ശക്തമായ അടിയൊഴുക്കിൽ വിയർ വാൾ ഇടിഞ്ഞ് താഴ്ന്നതാണ് ചോർച്ചയ്ക്ക് കാരണം. ഇതുമൂലം തടയണയിലെ വെള്ളം പൂർണ്ണമായും കുത്തൊഴുകി തടയണ നീർച്ചാലായി.

നടപടി വേണം

തടയണയുടെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും ജില്ലാ പഞ്ചായത്ത് അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.