വടക്കഞ്ചേരി: അയ്യപ്പൻ തന്നെയാണ് ശബരിമലയിലേക്ക് തന്നെക്കാണാൻ 41 ദിവസത്തെ വ്രതം എടുക്കുന്നവർ വന്നാൽ മതിയെന്ന് നിഷ്കർഷച്ചതെന്ന് സ്വാമി ഉദിത് ചൈതന്യ. ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത പരിഗണിക്കാതെ, സുപ്രീംകോടതി വിധിയെന്ന് പറഞ്ഞ് സ്ത്രീപ്രവേശന വിഷയത്തെ കാണരുത്. കാവശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ സ്ത്രീകൾക്ക് നിരോധനമല്ല, നിയന്ത്രണമാണ് ആചാര പ്രകാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശരീരം കേടുവരുത്തി അയ്യപ്പനെ കാണാൻ പോകണമോയെന്ന് സ്ത്രീകൾ തീരുമാനിക്കണം. സ്ത്രീ- പുരുഷ ശരീര പ്രകൃതി സുപ്രീംകോടതി പറഞ്ഞാൽ തുല്യമാകില്ല. ഇനി ആണുങ്ങളും പ്രസവിക്കാൻ കോടി വിധി വന്നാലും അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളിലെ കാലാനുസൃതമായ മാറ്റം കോടതിയല്ല, ഹിന്ദുമത പണ്ഡിതർ ഒന്നിച്ചിരുന്ന് നടത്തേണ്ടതാണ്.
സ്ത്രീകൾ ചെന്നാൽ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നത് ഹിന്ദു ആചാരങ്ങളിലെ അറിവില്ലായ്മ കൊണ്ടാണ്. സ്ത്രീകൾ ഈറനുടുത്ത് ക്ഷേത്രത്തിൽ പാകുന്നതിനെ വിമർശിച്ച നേതാവിനും അനുഷ്ഠാനശാസ്ത്രം അറിയില്ല. പൂർവികർ വിഡ്ഢികളല്ലെന്ന് മനസിലാക്കാൻ ഇവർ ഇനിയും ജനിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കാവശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത സത്രത്തിൽ സ്വാമി ഉദിത് ചൈതന്യ പ്രഭാഷണം നടത്തുന്നു