center
പൂട്ടികിടക്കുന്ന ഇരുമ്പകച്ചോലയിലെ ഹെൽത്ത് സെന്റർ.

മണ്ണാർക്കാട്: ആദിവാസികളടക്കമുള്ള പ്രദേശവാസികൾക്ക് യാതൊരു വിധ പ്രയോജനവുമില്ലാതെ ഇവിടുത്തെ ഹെൽത്ത് സെന്റർ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടിയന്തിര സാഹചര്യങ്ങളിലടക്കം മരുന്നുകളും പ്രാഥമിക ചികിത്സയും നൽകേണ്ട ഹെൽത്ത് സെന്ററാണ് അധികൃതരുടെ അനാസ്ഥ മൂലം അടഞ്ഞുകിടക്കുന്നത്.

ഗർഭിണികളടക്കമുള്ളവർക്ക് ലഭിക്കേണ്ട മരുന്നുകളും ലഭ്യമാകുന്നില്ല. ഏതൊരു കാര്യത്തിനും അഞ്ച് കിലോമീറ്ററോളം അകലെയുള്ള കാഞ്ഞിരപ്പുഴയിലെ സെന്ററിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് സാധാരണക്കാരായ നാട്ടുകാർക്ക്. ആദിവാസി കുടുംബങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.

മൂന്നു വർഷം മുമ്പ് ഇവിടെ താമസിച്ച് ജോലി ചെയ്തിരുന്ന നഴ്‌സ് ഉണ്ടായിരുന്ന സമയത്ത് സെന്റർ ഇവിടുത്തുകാർക്ക് വളരെയധികം ഉപയോഗ പ്രദമായിരുന്നു. എന്നാൽ അവർ മാറിപ്പോയതിന് ശേഷം സ്ഥിര സംവിധാനം ഉണ്ടായിട്ടില്ല. കുറച്ചു കാലം ഇടയ്ക്കിടെ വന്നു പോകുന്ന ജീവനക്കാർ ഉണ്ടായിരുന്നു. ഒരു വർഷത്തോളമായി അതും ഇല്ലാതായി.

നിലവിൽ കെട്ടിടം അനാഥമായ അവസ്ഥയിലാണ്. പ്രദേശവാസികൾക്ക് ഉപകാരപ്പെടുന്ന അവസ്ഥയിലേക്ക് ഹെൽത്ത് സെന്ററിലേക്ക് ജീവനക്കാരെ സ്ഥിരമായി നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പൂട്ടികിടക്കുന്ന ഇരുമ്പകച്ചോല ഹെൽത്ത് സെന്റർ