പാലക്കാട്: നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കും. അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകീട്ട് മൂന്നിനുമാണ് ചർച്ചക്കെടുക്കുക.
52 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണവേണം. സി.പി.എമ്മും വെൽഫെയർ പാർട്ടിയും പിന്തുണച്ചാലേ അവിശ്വാസം വിജയിക്കൂ. ആരുടെയെങ്കിലും വോട്ട് അസാധുവായാലും അവിശ്വാസം പരാജയപ്പെടും. അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ബി.ജെ.പി തീരുമാനം. പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ തീരുമാനം ഇന്ന് രാവിലെ നടക്കുന്ന യോഗത്തിന് ശേഷമേ അറിയാൻ സാധിക്കൂ. സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന അവിശ്വാസത്തിലും തിരഞ്ഞെടുപ്പിലും സ്വീകരിച്ച നിലപാട് തന്നെ സി.പി.എം തുടരുമെന്നാണ് സൂചന.

കഴിഞ്ഞ നഗരസഭാ യോഗത്തിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളെ അധ്യക്ഷ മൂന്ന് മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെൻഷൻ ഇപ്പോഴും നിലനിൽക്കുന്നതായാണ് ബി.ജെ.പി വാദം. അംഗങ്ങൾക്ക് നൽകിയ മിനുട്‌സിലും സസ്‌പെൻഷൻ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.


. കക്ഷിനില
ബി.ജെ.പി 24, കോൺഗ്രസ് 13, മുസ്ലീം ലീഗ് നാല്, സി.പി.എം ഒമ്പത്, വെൽഫെയർ പാർട്ടി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനായി വിജയിച്ച വ്യക്തിക്ക് തിരഞ്ഞെടുപ്പ് കേസ് ഉള്ളതിനാൽ വോട്ടവകാശം ഇല്ല.