ചിറ്റൂർ: മിനിസിവിൽ സ്റ്റേഷന് മുന്നിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പൊലീസ് ക്വാർട്ടേഴ്‌സിനു സമീപം താമരച്ചിറ റോഡിൽ വാഹനങ്ങൾ തിരിയാനും നിറുത്തിയിടാനും തടസമായിരുന്ന മരം മുറിച്ചു മാറ്റാൻതീരുമാനമായതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. നിരവധി പരാതികളെ തുടർന്ന് പി.ഡബ്ല്യു.ഡി അധികൃതർ മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിച്ചതായി കഴിഞ്ഞദിവസം താലൂക്ക് വികസന സമിതിയിൽ അറിയിച്ചു.

മാസങ്ങളായി ചിറ്റൂർ ബ്ലോക്കിൽ കൃഷി അസിസ്റ്റന്റ് സയറക്ടർ (എ.ഡി.എ) ഇല്ലാത്തതിനാൽ പല പദ്ധതികളും മുടങ്ങി കിടക്കുകയാണ്. കർഷകർക്ക് ലഭിക്കേണ്ട ഇൻഷ്വറൻസ് ആനുകൂല്യങ്ങളുംമറ്റും ലഭ്യമായിട്ടില്ലെന്ന പരാതിയും താലൂക്ക് സഭയിലുയർന്നു. തുടർന്ന് എത്രയും വേഗം എ.ഡി.എയെ നിയമിക്കാനുള്ള നടപടിക്കായി ബന്ധപ്പെട്ടവരെ അറിയിക്കാൻ ചെയർമാൻ കെ.കൃഷ്ണൻകുട്ടി എം.എൽ.എ നിർദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ 2018 - 19 വർഷത്തെ പദ്ധതികളുടെ വിശദമായ ബഡ്ജറ്റ് താലൂക്ക് സഭയിൽ അറിയിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.

2011ൽ പട്ടയം പാസായ നെന്മാറ പോത്തുണ്ടി ചാത്തിയോടുള്ള 11 കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ലെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ ആവശ്യമായ നടപടികൾക്ക് താസിൽദാരെ ചുമതലപ്പെടുത്തി. മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറി തുറന്നു പ്രവർത്തിപ്പിക്കാനുള്ള ലേലം നിശ്ചയിച്ചിട്ടുണ്ടെന്ന് തഹസിൽദാർ യോഗത്തിൽ അറിയിച്ചു.