നെന്മാറ: താലൂക്ക് ഓഫീസ് കെട്ടിടം പൈതൃക സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പായില്ല. സ്വാതി ജംഗ്ഷനിൽ പ്രവർത്തനം തുടങ്ങിയ മിനി സിവിൽസ്റ്റേഷനിലേക്ക് താലൂക്ക് ഓഫീസ് കെട്ടിടം മാറ്റുന്നതോടെ പൈതൃക കെട്ടിട സംരക്ഷണ പദ്ധതി പ്രകാരം പഴയകെട്ടിടം സംരക്ഷിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞിട്ട് നാളിതുവരെ താലൂക്ക് ഓഫീസ് അങ്ങോട്ട് മാറ്റിയിട്ടില്ല.
1908ൽ വിക്ടോറിയൻ വാസ്തു ശില്പപ്രകാരം പണിത കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. പാലക്കാട് താലൂക്കിന്റെ കീഴിലെ ഡെപ്യൂട്ടി തഹസിൽദാരുടെ കീഴിലായിരുന്നു ഇതെന്ന് വില്യംലോഗന്റെ മലബാർ മാന്വലിൽ പറയുന്നു. നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് വേദിയായിട്ടുള്ള ഓഫീസിലാണ് ഭൂപരിഷ്‌കരണത്തെ തുടർന്ന് 1970 ൽ സർക്കാർ നിയമിച്ച ലാന്റ് ബോർഡ് സിറ്റിംഗ് നടത്തിയത്. താലൂക്കിലെ ഭൂമി സംബന്ധിച്ച നിരവധി കേസുകൾക്ക് ഇവിടെ വച്ചാണ് തീർപ്പുകൽപ്പിച്ചത്. സ്വാതന്ത്രത്തിന് മുമ്പ് പാലക്കാട് താലൂക്കിൽ ഉണ്ടായിരുന്ന രണ്ട് മുൻസിഫ് കോടതികളിൽ ഒന്ന് ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് താലൂക്ക് ഓഫീസ് പൈതൃക കെട്ടിട പദ്ധതി പ്രകാരം സംരക്ഷിക്കാൻ തീരുമാനിച്ചത്.
ഇതുപോലെ ചാവക്കാട് താലൂക്ക് ഓഫീസും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എം.ജി.പി പദ്ധതി പ്രകാരം കെട്ടിടത്തിന്റെ തനിമ നിലനിർത്തികൊണ്ട് നവീകരണം നടത്തുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് പൈതൃക സ്വത്തായി സംരക്ഷിക്കുമെന്ന് അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമി സംബന്ധമായ രേഖകൾ സൂക്ഷിക്കാനായി ഉണ്ടാക്കിയ തട്ടുകളാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്.
എളുപ്പത്തിൽ രേഖകൾ എടുക്കുന്ന തരത്തിലുള്ള തട്ടുകളിൽ താലൂക്കിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ഇപ്പോഴും ഭദ്രമാണ്. ഭൂമി സംബന്ധമായ അംശം ദേശങ്ങളുടെ പേരിലും മറ്റുള്ളവ വർഷങ്ങളുടെ അടിസ്ഥാനത്തിലുമായി രണ്ട് രീതിയിലാണ് രേഖകൾ സൂക്ഷിക്കുന്നത്. താലൂക്ക് ഓഫീസ് സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റി പൈതൃക കെട്ടിടമാവുന്നതോടെ പൈതൃക മ്യൂസിയമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.