ചെർപ്പുളശ്ശേരി: വള്ളുവനാടിന്റെ കലാ- സാംസ്‌കാരിക കേന്ദ്രമായ വെള്ളിനേഴി കലാഗ്രാമത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമുച്ഛയ നിർമ്മാണം അന്തിമഘട്ടത്തിൽ. രണ്ടുകോടി ചെലവിലാണ് സാംസ്‌കാരിക സമുച്ഛയം ഉയരുന്നത്. ഇടയ്ക്ക് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളാണ് നാലുവർഷം മുമ്പ് തുടങ്ങിയ പ്രവർത്തികൾ നീണ്ടുപോകാൻ കാരണമായത്.

ഒരു കോടി രൂപ ടൂറിസം വകുപ്പിൽ നിന്നും ബാക്കി തുക എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് കിട്ടാൻ കാലതാമസമെടുത്തു. ഇപ്പോൾ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്. കൾച്ചറൽ ഹാൾ, ആർട്ട് ഗ്യാലറി, പരിശീലനക്കളരി, മ്യൂസിയം, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. സർക്കാർ അംഗീകൃത കമ്പനിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. വെള്ളിനേഴിയുടെ കലാപെരുമ ഉയർത്തിക്കാട്ടും വിധം തന്നെയാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. അറ് മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് വെള്ളിനേഴി കലാഗ്രാമം മേൽനോട്ട കമ്മറ്റിയുടെ തീരുമാനം.
കഥകളിയുടെ കല്ലുവഴി ചിട്ട പരിചയപ്പെടുത്തിയ വെള്ളിനേഴിയുടെ കലാ പാരമ്പര്യത്തിനൊപ്പം മറ്റ് കേരളീയ കലാരൂപങ്ങളായ പരിചമുട്ട്, അയ്യപ്പൻ പാട്ട്, തുയിലുണർത്ത് പാട്ട് തുടങ്ങി 79തോളം വരുന്ന കലകളെ പരിപോഷിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പദ്ധതി. കഥകളി കോപ്പ് നിർമ്മാണം, ലോഹ ശില്പ നിർമ്മാണം എന്നിവയും ഭാവിയിൽ പദ്ധതിയുടെ ഭാഗമാക്കും. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് കലാഗ്രാമം എന്ന ആശയം പൂർത്തീകരിക്കാനാണ് സർക്കാരും ലക്ഷ്യമിടുന്നത്.

വെള്ളിനേഴി കലാഗ്രാമത്തിന്റെ സാംസ്‌കാരിക സമുച്ചയ നിർമ്മാണം പുരോഗമിക്കുന്നു