പാലക്കാട് : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന 96 പേർക്ക് കുടുംബശ്രീയുടെ വായ്പാവിതരണ പദ്ധതിയിലുൾപ്പെടുത്തി വായ്പ നൽകി. മൂന്നുകോടി രൂപയാണ് വിതരണം ചെയ്തത്. ജില്ലയിലെ 494 അയൽക്കൂട്ടങ്ങളിൽനിന്നായി 1,510 പേരാണ് കുടുംബശ്രീ വായ്പാപദ്ധതിക്കായി അപേക്ഷ നൽകിയിരിക്കുന്നത്. പത്തുകോടി രൂപയാണ് ഇത്രയും പേർക്കുള്ള വായ്പാവിതരണത്തിനായി ആവശ്യമുള്ളത്. മുഴുവൻ അപേക്ഷകളും ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. അയൽക്കൂട്ടങ്ങൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുന്ന മുറക്ക് ബാങ്കുകൾ വായ്പ നൽകികും.
പ്രളയദുരിതബാധിതരായി ജില്ലയിലാകെ 6,968 പേരാണുള്ളത്. ഇതിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വായ്പാവിതരണം നടത്തുന്നത്. മറ്റുള്ളവർ അയൽക്കൂട്ടത്തിൽ അംഗങ്ങളാകുന്ന മുറയ്ക്ക് വിവിധ ഘട്ടങ്ങളിലായി വായ്പാത്തുക നൽകും. ഒരു അയൽക്കൂട്ട അംഗത്തിന് ഒരുലക്ഷം രൂപവരെയാണ് പലിശരഹിത വായ്പ നൽകുന്നത്. ഓരോ അയൽക്കൂട്ടത്തിലെയും പ്രളയബാധിതരുടെ കണക്കെടുത്ത് അയൽക്കൂട്ടം മുഖേനയാണ് ബാങ്കിൽ അപേക്ഷ സമർപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി ആരംഭിക്കുന്നത് പാലക്കാട് ജില്ലയിലാണ്. പ്രളയത്തിൽ ഗൃഹോപകരണങ്ങൾ നഷ്ടമായവർക്ക് ഇവ വാങ്ങാനും തൊഴിലുപാധികൾ നഷ്ടപ്പെട്ടവർക്ക് തൊഴിൽ പുനഃസ്ഥാപിക്കാനും വീടിന്റെ ചെറിയ അറ്റകുറ്റപ്പണിക്കും വായ്പത്തുക ഉപയോഗിക്കാം. കുടുംബശ്രീ മുഖേന സർവേ നടത്തി കൂടുതലായി നഷ്ടപ്പെട്ട 52 ഗൃഹോപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലുള്ള ഏജൻസികളിലെ ഡീലർമാരിൽനിന്ന് ഇഷ്ടാനുസരണം സാധനങ്ങൾ വാങ്ങാം. പ്രളയദുരിതബാധിതർക്കുള്ള സർക്കാരിന്റെ 10,000 രൂപ ധനസഹായം ലഭിച്ചവർക്കാണ് വായ്പ അനുവദിക്കുന്നത്. 36 മാസം മുതൽ 48 മാസംവരെയാണ് വായ്പാതിരിച്ചടവ് കാലാവധി.