puzha
ഭാരതപ്പുഴയിലെ ജലസ്രോതസിലേക്ക് മലിനജലം ഒഴുകുന്ന സ്ഥലം.

ഷൊർണൂർ: ഭാരതപ്പുഴയിലെ വാട്ടർ അതോറിറ്റി പമ്പിംഗ് കേന്ദ്രത്തിന് സമീപത്തേക്ക് നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് പരിഹരിക്കാൻ ഇനിയും നടപടിയായില്ല. നഗരസഭാ പ്രദേശത്തുള്ളവർ ഇപ്പോഴും കുടിക്കുന്നത് മലിനജലം കലർന്ന കുടിവെള്ളമാണ്.

പുഴയുടെ മറുകരയിലെ വള്ളത്തോൾ നഗർ പഞ്ചായത്തിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണ് മലിനജലം കൊച്ചിൻ പാലത്തിന് സമീപത്തേക്ക് ഒഴുകിയെത്തുന്നത്.

ഇതിന്റെ മറുവശത്താണ് ഷൊർണൂർ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ്. കൊച്ചിൻ പാലത്തിൽ നിന്ന് ഏതാനും മീറ്റർ ദൂരെ പുഴയുടെ മദ്ധ്യത്തിൽ സ്ഥാപിച്ച ഗാലറിയിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഈ വെള്ളം വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിൽ എത്തിയ ശേഷം ബ്ളീച്ചിംഗ് പൗഡറിട്ടാണ് വിതരണം നടത്തുന്നത്. മറ്റ് ശുചീകരണങ്ങളൊന്നും നടക്കുന്നില്ല. സ്ഥിരം തടയണ പദ്ധതിയിലുൾപ്പെട്ട ശുചീകരണ പ്ലാന്റ് വാട്ടർ അതോറിട്ടിയുടെ കോമ്പൗണ്ടിൽ നിർമ്മാണ ഘട്ടത്തിലാണ്.

വള്ളത്തോൾ നഗർ പഞ്ചായത്ത് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് കൊച്ചിൻ പാലത്തിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെ മേച്ചേരിക്കടവ് ഭാഗത്താണ്. പുഴ വെള്ളത്തിലെ മലിനീകരണം പഞ്ചായത്തിനെ കാര്യമായി ബാധിക്കുന്നില്ല. ഇതുകൊണ്ട് പുഴയിലേക്കുള്ള മലിനജലം ഒഴുക്ക് തടയാൻ പഞ്ചായത്ത് ഒരു നടപടിയും എടുക്കുന്നില്ല. നഗരസഭാ അധികൃതരും നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.

അനങ്ങാതെ അധികൃതർ

പരിസ്ഥിതി പ്രവർത്തകനായ കെ.കെ.ദേവദാസിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് തൃശൂർ ജില്ലാ ആരോഗ്യ വിഭാഗം അധികൃതരും മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലം സന്ദർശിച്ച് മലിനജലമൊഴുക്ക് തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിന് നിർദ്ദേശം നൽകി.

നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പുഴയിലേക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനായിരുന്നു നിർദ്ദേശം. ഒരു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ല. വിഷയത്തിൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പരിസ്ഥിതി കൂട്ടായ്മ.

ചെറുതുരുത്തി ഭാഗത്ത് നിന്നുള്ള മലിനജലം ഭാരതപ്പുഴയിലെ കുടിവെള്ള പമ്പിംഗ് കേന്ദ്രത്തിന് സമീപത്തേക്ക് ഒഴുകിയിറങ്ങുന്നു