kalpathy
കൽപ്പാത്തി

പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സംഗീതോത്സവം ഇന്നുമുതൽ 13 വരെ നടക്കും. ചാത്തപ്പുരം സുബ്ബയ്യർ റോഡിലെ പ്രത്യേക പന്തലിൽ നടക്കുന്ന സംഗീതോത്സവത്തിന് ഒരുക്കം പൂർത്തിയായതായി സംഘാടകരായ എം.ആർ.എസ്.ഒ ഭാരവാഹികൾ അറിയിച്ചു.

ഇത്തവണ ഡി.ടി.പി.സിയുടെ സഹകരണമില്ലാതെ പ്രത്യേക കൂട്ടായ്മയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്. പ്രളയ ദുരിതത്തിന്റെ പേരിലാണ് ഡി.ടി.പി.സി സംഗീതോത്സവം നടത്തേണ്ടെന്ന തീരുമാനമെടുത്തത്. എന്നാൽ കഴിഞ്ഞ 27 വർഷമായി തുടരുന്ന സംഗീതോത്സവം മുടങ്ങരുതെന്ന താല്പര്യത്തോടെ സംഗീതജ്ഞരും ആസ്വാദകരും പ്രത്യേക സംഘം രൂപീകരിച്ച് സംഗീതോത്സവം നടത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു.

ഇന്നുമുതൽ 13 വരെ ഓരോ ദിവസവും രണ്ടു കച്ചേരികൾ വീതം 14 സംഗീതക്കച്ചേരികളാണ് സംഗീതോത്സവത്തിലുണ്ടാകുക. ദക്ഷിണേന്ത്യയിലെ പ്രമുഖരടക്കം പലരും വേദിയിലെത്തും. ജില്ലയിലെ കലാകാരന്മാർക്കും പ്രാധാന്യം നല്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആറു ദിവസമായിരുന്ന സംഗീതോത്സവമെങ്കിൽ ഇത്തവണ ഒരു ദിവസം കൂടുതലുണ്ടാകും. നാലു കച്ചേരികളും കൂടുതലുണ്ടാകുമെന്ന് ജനറൽ കൺവീനർ പി.വിജയാംബിക, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ.സ്വാമിനാഥൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആർ.ഹരിഹരശർമ എന്നിവർ അറിയിച്ചു.