അലനല്ലൂർ: കുറഞ്ഞ വിലയ്ക്ക് മുന്തിയ ബ്രാന്റുകൾ കുടിക്കാൻ അലനല്ലൂരിലെ മദ്യപാനികൾക്ക് മാഹിയിൽ പോകേണ്ടതില്ല. മാഹിയിൽ ലഭിക്കുന്ന ഏത് സാധനവും ഒരു വിളിപ്പുറത്ത് ഇവിടെ കിട്ടും. വലിയ ഒളിയും മറയുമില്ലാതെ മാഹി മദ്യത്തിന്റെ കച്ചവടം ടൗണിലെ കിഴക്കേതല, പടകളിപ്പറമ്പ് ഭാഗങ്ങളിൽ പൊടിപൊടിക്കുകയാണ്. മിക്ക ആഴ്ചകളിലും വിവിധ ബ്രാന്റുകൾ ഇവിടെ സ്പെഷ്യൽ സർവീസായി എത്തുന്നുണ്ടെങ്കിലും പൊലീസും എക്സൈസും അറിഞ്ഞ മട്ടില്ല.

ഏജന്റുമാരായി മൂന്ന് യുവാക്കളെ വെച്ചാണ് വില്പന. മാഹി മദ്യത്തിന്റെ വില്പന കൂടിയതോടെ ബിവറേജ് ഷോപ്പിൽ നിന്നും വാങ്ങി ബ്ലാക്കിൽ വിൽക്കുന്ന ചില്ലറ കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്. മുന്തിയ ബ്രാന്റുകൾ പതിവാക്കിയ മദ്യപാനികളെ ലക്ഷ്യം വെച്ച് തുടങ്ങിയ മാഹി കച്ചവടം ക്രമേണ എല്ലാ തരക്കാരിലേക്കും എത്തി.

ടൗണിൽ മാത്രം ഒരു ഡസനിലധികം അനധികൃത കച്ചവടക്കാരാണുള്ളത്. ഇവർ വിൽക്കുന്ന മദ്യത്തിന്റെ വിലയേക്കാൾ 300 മുതൽ 500 രൂപ വരെ താഴ്ത്തിയാണ് മാഹി മദ്യ വില്പന. ബിവറേജ് ഷോപ്പിൽ നിന്നും 1400 രൂപയ്ക്ക് ലഭിക്കുന്ന 750 മി.ലി വോഡ്ക 400 രൂപ താഴ്ത്തിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. മുന്തിയ ഇനം വിസ്കിയും ബ്രാണ്ടിയും സമാന രീതിയിൽ വിൽക്കുന്നുണ്ട്. പൊതുവെ സഞ്ചാര പ്രിയനായ ഈ കച്ചവടക്കാരനെ ആളുകൾ സംശയിക്കാറുമില്ല.

സെലക്ടീവ് കസ്റ്റമേഴ്‌സ് മാത്രമാണ് ഇടപാടുകാർ. ബിവറേജ് ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങി അനധികൃത കച്ചവടം നടത്തുന്നത് കുറ്റകരമെങ്കിലും പൊതുവെ സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകാറില്ല. എന്നാൽ മാഹിയിൽ നിന്നും മദ്യം കൊണ്ടുവന്നുള്ള വില്പന വലിയ നികുതി നഷ്ടത്തിന് ഇടയാക്കുന്നതോടൊപ്പം പരിശോധനയിലെ കാര്യക്ഷമയില്ലായ്മ തുറന്നു കാട്ടുകയും ചെയ്യുന്നു.