കോങ്ങാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനായ കേരളശേരി കുന്നത്തുപാറ വീട്ടിൽ നാരായണന് വയറിനും കൈയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയ്ക്ക് വീടിന് മുന്നിൽ വെച്ചാണ് സംഭവം. പന്നിയെ കണ്ട് ഓടിയെങ്കിലും പിന്നാലെ ചെന്ന് കുത്തുകയായിരുന്നു. കനാലിലേക്ക് മറിഞ്ഞ നാരായണൻ അത്ഭുതകരമായാണ് രക്ഷപെട്ടത്.
നാരായണനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂർക്ക വിളവെടുപ്പ് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിൽ കാട്ടുപന്നി വിളയാട്ടവും രൂക്ഷമായി. ഒറ്റയ്ക്കും കൂട്ടവുമായെത്തുന്ന കാട്ടുപന്നികൾ വ്യാപകമായ കൃഷിനാശം ഉണ്ടാക്കുന്നതോടൊപ്പം മനുഷ്യ ജീവനും ഭീഷണിയായി.