road
തകർന്നു കിടക്കുന്ന ഷൊർണൂർ ഗണേഷ്ഗിരി റെയിൽവെ പമ്പ് ഹൗസ് റോഡ്.

ഷൊർണൂർ: മൂന്നുപതിറ്റാണ്ട് മുമ്പ് മെറ്റലും മണ്ണുമിട്ട് നിരത്തിയ അരകിലോമീറ്റർ മാത്രമുള്ള ഗണേഷ്ഗിരി റെയിൽവെ പമ്പ് ഹൗസ് റോഡിൽ ഇന്ന് യാത്ര ചെയ്യണമെങ്കിൽ അത്യാവശ്യം സർക്കസ് ഒക്കെ അറിയണമെന്ന സ്ഥിതിയാണ്.

റെയിൽവെ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ ഭാരതപ്പുഴ പമ്പ് ഹൗസ് വരെയുള്ള റെയിൽവേയുടെ അധീനതയിലുള്ള ഈ റോഡ് ടാർ ചെയ്യാൻ ജനങ്ങളുടെ ദുരിതം നേരിൽ കണ്ടിട്ടും അധികൃതർക്ക് ഇനിയും മനസ് വരുന്നില്ല. റെയിൽവെ കോളനി നിവാസികളും ഗണേഷ്ഗിരി ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളുമടങ്ങുന്ന യാത്രക്കാരാണ് ഈ റോഡിൽ സാഹസിക യാത്ര നടക്കുന്നത്.

ഇരുചക്ര വാഹനങ്ങൾക്ക് പോലും റോഡിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവെ സ്റ്റേഷനിലേക്കും റെയിൽവെ കോളനികളിലേക്കും ഭാരതപ്പുഴയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ സ്ഥാപിച്ച പമ്പ് ഹൗസിലേക്ക് റെയിൽവെ നിർമ്മിച്ച റോഡാണിത്. തോടിന് കുറുകെയുള്ള റോഡിലെ പാലം അപകടാവസ്ഥയിലാണ്. കൈവരി തകർന്ന് വാഹനങ്ങൾ തോട്ടിലേക്ക് മറിയുമെന്ന ഭീതിയും നിലനിൽക്കുന്നു. പണ്ടേ തകർന്നിരുന്ന റോഡിൽ പ്രളയത്തിന് ശേഷം സ്ഥിതി കൂടുതൽ ദയനീയമായി. റെയിൽവെ അധികൃതർ റോഡിന്റ കാര്യത്തിൽ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

തകർന്ന് കിടക്കുന്ന ഷൊർണൂർ ഗണേഷ്ഗിരി റെയിൽവെ പമ്പ് ഹൗസ് റോഡ്