road
photo

ഒറ്റപ്പാലം: തകർന്ന റോഡുകളിലെ കുഴികളടച്ചതോടെ നഗരത്തിലെ യാത്രാദുരിതത്തിന് പരിഹാരമായി. പാലക്കാട് - കുളപ്പുള്ളി പാതയിൽ ടി.ബി.റോഡ് ജംഗ്ഷനിലും ഗാന്ധി പ്രതിമക്ക് സമീപവും ബസ് സ്റ്റാൻഡിന് എതിർവശത്തും വലിയകുഴികൾ രൂപപ്പെട്ടത് വാഹയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത് പലപ്പോഴും വലിയ ഗതാഗത കുരുക്കിനും കാരണമാകാറുണ്ടായിരുന്നു.

യാത്രക്കാരുടെയും സന്നദ്ധ സംഘടനകളുടെയും പരാതികൾ പരിഗണിച്ചാണ് പൊതുമരാമത്ത് അധികൃതർ കുഴികളടച്ചത്. അതേസമയം, ടെൻഡറെടുക്കുന്നതിന് കരാറുകാർ മടിക്കുന്നതായും ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഒറ്റപ്പാലം സെക്ഷന് കീഴിൽ വരുന്ന തകർന്ന റോഡുകളിലെ കുഴികളടക്കാൻ രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും ഏറ്റെടുക്കാൻ കരാറുകാരെത്തിയില്ല. ടാർ അടക്കമുള്ള സാധനസമാഗ്രികൾക്ക് വില വർദ്ധിച്ചതാണ് കരാറുകാരെ പിന്തിരിപ്പിക്കുന്നത്. ഇതിനെ തുടർന്ന് അധികൃതർ കരാറുകാർക്ക് ക്വട്ടേഷൻ നൽകി ഓരോ റോഡും ഏൽപ്പിച്ചുനൽകുകയായിരുന്നു.

ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡാണ് പൂർണമായും തകർന്നിട്ടുള്ളത്. പ്രധാനമായും കുഴികളടച്ച് ഗതാഗതയോഗ്യമാക്കേണ്ട റോഡിലൊന്നാണിത്. ഈ റോഡുകളുടെ അറ്റകുറ്റപ്പണിയേറ്റെടുക്കാനാണ് കരാറുകാരെ കിട്ടാത്തത്. പ്രളയത്തിന് ശേഷം കഴിഞ്ഞ രണ്ടുമാസം ക്ഷണിച്ച ടെണ്ടറുകൾക്കും കരാറുകാർ എത്തിയിട്ടില്ല. ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡിന് 55 ലക്ഷം രൂപയും, പാലക്കാട് - കുളപ്പുള്ളി പാതയിൽ 20 ലക്ഷം രൂപയുമാണ് അറ്റകുറ്റപ്പണികൾക്ക് അനുവദിച്ചിട്ടുള്ളത്. ഉത്പന്നങ്ങൾക്ക് വില വർധിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് നൽകുന്ന തുകയ്ക്ക് പണിയേറ്റെടുത്താൽ ഭീമമായ നഷ്ടം വഹിക്കേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്.

ചിത്രം.... ഒറ്റപ്പാലം ടി.ബി റോഡിലെ കുഴികൾ അടച്ചപ്പോൾ