പാലക്കാട്: നമ്മുടെ പാടത്തും പറമ്പിലും തഴച്ച് വളരുന്ന ഒൗഷധ കലവറയായ മുത്തിളിനെ തേടി അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് നിരവധിയാളുകളാണ്. നാടൻ ചികിത്സയിൽ ഏറെ പ്രാധാന്യമുള്ള ഈ ഒൗഷധച്ചെടി ശേഖരിക്കാൻ തമിഴ്നാട്ടിൽ നിന്ന് മാത്രം നൂറ് കണക്കിന് ആളുകൾ ജില്ലയിലെത്താറുണ്ട്.
ബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഔഷധസസ്യമാണ് മുത്തിൾ. കരിന്തക്കാളി, കുടകൻ, കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇതിന് തമിഴ്‌നാട്ടിൽ ആവശ്യക്കാരേറെയാണ്. പാലക്കാട്ടെ നാട്ടുവഴികളിൽ നിന്ന് ശേഖരിക്കുന്ന ചെടി കെട്ടുകളാക്കി ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്ക് എത്തിക്കും. വിവിധ ചെറുകിട ഔഷധ ഉത്പന്ന നിർമ്മാണ കമ്പനികൾക്കാണ് വില്ക്കുക. കൂടാതെ വഴിയോര കച്ചവടക്കാർ മുതൽ സൂപ്പർ മാർക്കറ്റുകളിൽ വരെ ഇത് കെട്ടായി വില്ക്കുന്നുണ്ട്. ചെറിയ കെട്ടിന് ഇരുപത് രൂപയാണ് വില. ഇത് ഉപജീവനമാക്കിയ ആളുകൾക്ക് പ്രതിദിനം ഇതിൽ നിന്ന് 200 മുതൽ 450 രൂപ വരെ കൂലി കിട്ടാറുണ്ട്.
ചീര, മുരിങ്ങ, പയറില പോലെ ഇലക്കറിയായും ഉപയോഗിക്കാനാവുന്ന അപൂർവം ഔഷധസസ്യങ്ങളിൽ ഒന്നാണ് മുത്തിൾ. ഇതിന്റെ ഇല സാധാരണ തോരൻ വെക്കുന്നതുപോലെ കറിവയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ തമിഴ്നാട്ടിൽ ഇതിന് വലിയ ഡിമാന്റാണ്.
ത്വക്‌രോഗം, നാഡീവ്യൂഹം സംബന്ധിയ രോഗങ്ങൾ എന്നിവയ്ക്ക് മുത്തിൾ ഉത്തമമാണ്. ഹെപ്പെറ്റെറ്റിസ് ബിയുടെ ചികിത്സയ്ക്കും ഇതുപയോഗിക്കും. മുടി, നഖം, ത്വക്ക് എന്നിവയുടെ അഴകുകൂട്ടാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും മുത്തിൾ അരിഷ്ടമാക്കി
ഉപയോഗിക്കാറുണ്ട്. കൂടാതെ ബുദ്ധി, ഓർമ്മശക്തി ഹൃദയത്തിന്റെ സങ്കോചക്ഷമത എന്നിവ വർദ്ധിപ്പിക്കും. ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും, രക്ത സമ്മർദം കുറയ്ക്കാനും മുത്തിൾ നല്ലതാണ്.
ഫോട്ടോ ; പാലക്കാട്ടെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച മുത്തിൾ കെട്ടുകളാക്കുന്നു