ചെർപ്പുളശ്ശേരി: ചളവറ ചെമ്പരത്തിമാട് മലയിൽ ചെർപ്പുളശ്ശേരി റേഞ്ച് എക്‌സൈസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 3000 ലിറ്റർ വാഷും ,10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മലയിൽ വാറ്റു നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഘം മലയിലെത്തിയത്. ഏറെദൂരം നടന്ന് മലയ്ക്ക് ഒരു കിലോമീറ്ററോളം മുകളിലായാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. മലയിൽ പ്രത്യേക താവളമുണ്ടാക്കിയാണ് വാറ്റിയിരുന്നത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. അടുത്ത കാലത്തൊന്നും മേഖലയിൽ ഇത്രവലിയ വാറ്റുകേന്ദ്രം കണ്ടെത്തിയിട്ടില്ലെന്നും പ്രതികളെ പിടികൂടുമെന്നും എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.ശ്രീധരൻ പറഞ്ഞു. പി.ഒ.മാരായ സുരേഷ്, സന്തോഷ് കുമാർ, സി.ഇ.ഒ.മാരായ ജോബി മോൻ, മാസുലാമണി, ഷിജു ജോർജ്ജ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. മുമ്പും ചെമ്പരത്തിമാട് മാലയിൽ നിന്ന് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.