പാലക്കാട്: വള്ളിക്കോട് പാറക്കലിൽ ഓട്ടോ ഡ്രൈവർ കമ്പ പാറയ്ക്കൽ കുണ്ടുകാട് പരേതനായ അബ്ദുൽ ബഷീറിന്റെ മകൻ ഷെമീറിനെ (31) ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം സദാചാര കൊലയെന്ന് സൂചന.

മുട്ടിക്കുളങ്ങര സ്റ്റാന്റിലെ ഡ്രൈവറായ ഷെമീർ വ്യാഴാഴ്ച രാത്രി പാറയ്ക്കലിലെ ഒരു വീട്ടിലേക്ക് വരുമ്പോൾ മൂന്ന് യുവാക്കൾ ഓട്ടോ തടഞ്ഞ് വലിച്ച് താഴെയിട്ട് മർദ്ദിക്കുകയായിരുന്നു. ഷമീറിന്റെ തലയിലും ശരീരത്തിലും മർദ്ദനമേറ്റ പാടുണ്ട്. പട്ടികയും ഗ്രാനൈറ്റ് പാളിയും കൊണ്ട് അടിച്ചതിനെ തുടർന്ന് തലയ്ക്കേറ്റ പരിക്കാവാം മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം സംഘം രണ്ട് ബൈക്കുകളിലായി രക്ഷപ്പെട്ടു. രാത്രി ഇതുവഴിയെത്തിയവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് വന്നപ്പോഴേക്കും ഷമീർ മരിച്ചിരുന്നു. പ്രദേശത്തെ മൂന്ന് യുവാക്കൾ ഇന്നലെ മുതൽ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ദ്ധരെത്തി പരിശോധന പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പള്ളിയിൽ ഖബറടക്കി. ഷെമീർ അവിവാഹിതനാണ്. പരേതയായ സുബൈദയാണ് മാതാവ്.