പാലക്കാട്: നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് യു.ഡി.എഫിലെ നാല് കൗൺസിലർമാർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ബി.ജെ.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പ്രമേയം പരാജയപ്പെട്ടതിന് ശേഷം ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യു.ഡി.എഫിലെ നാല് കൗൺസിലർമാർ ബി.ജെ.പിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. കോൺഗ്രസ് - സി.പി.എമ്മുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിൽ മനംമടുത്താണ് ശരവണൻ രാജിവെച്ചതെന്ന് വ്യക്തമായതാണ്. ആരോപണമുന്നയിച്ച കൗൺസിലർമാർ ഈ വിവരം എന്തുകൊണ്ട് വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വെളിപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റിന് ഈ വിവരം നേരത്തെ കിട്ടിയിരുന്നുവെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുവർഷം കൊണ്ട് ബി.ജെ.പി നഗരത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഇത്തരം സാഹചര്യത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യംവച്ചാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അന്തമായ രാഷ്ട്രീയ വിചാരം മാറ്റി വികസന പ്രവർത്തനങ്ങളിലെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും പിന്തുണയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ നഗരസഭാ ഭരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.