പാലക്കാട്: ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. ഇക്കാര്യത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഷാനിമോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. സംസ്ഥാനത്തെ മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ് സർക്കാർ. കേരളത്തിൽ വർഗീയത പടർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസം സംരക്ഷിക്കുക, വർഗീയത തുരത്തുക എന്ന മുദ്രാവാക്യം ഉയർത്തി ഷാനിമോൾ ഉസ്മാൻ നയിക്കുന്ന മേഖലാ ജാഥ ഇന്ന് വൈകീട്ട് നാലിന് കോങ്ങാട് ബസ് സ്റ്റാന്റിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30ന് പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റിൽ നൽകുന്ന സ്വീകരണവും ക്ഷേത്രപ്രവേശന വിളംബര വാർഷിക ഉദ്ഘാടനം മുൻ എം.പി വി.എസ്.വിജയരാഘവൻ നിർവഹിക്കും.

രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വൈകീട്ട് 3.30ന് ആലത്തൂരിലും അഞ്ചിന് കുളപ്പുള്ളി ടൗണിലും സ്വീകരണം നൽകും. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പങ്കെടുത്തു.