കലാ സാംസ്‌കാരിക പെരുമയ്ക്ക് സർക്കാരിന്റെ അംഗീകാരം
ചെർപ്പുളശ്ശേരി: കലാ - സാംസ്‌കാരിക പാരമ്പര്യം പരിഗണിച്ച് സംസ്ഥാനത്ത് കേരള സാംസ്‌കാരിക വകുപ്പ് തിരഞ്ഞെടുത്ത 20 പൈതൃകഗ്രാമങ്ങളിൽ വെള്ളിനേഴിയും ഇടംപിടിച്ചു. വെള്ളിനേഴിയുടെ തനതായ കലാസംസ്‌കൃതിയെ വരും തലമുറയിലേക്ക് കൈമാറുന്നതോടൊപ്പം ടൂറിസംകേന്ദ്രമാക്കി മാറ്റാനും ആലോചനയുണ്ട്.
വെള്ളിനേഴി ഒളപ്പമണ്ണമന കഥകളിയുടെ ഉത്ഭവത്തിന്റെയും വളർച്ചയുടെയും ചരിത്ര സ്മാരകമാണ്. കല്ലുവഴി ചിട്ടയുടെ പ്രണേതാവും പ്രയോക്താവുമായ പട്ടിക്കാംത്തൊടി രാവുണ്ണിമേനോന് സ്മാരകം നിർമ്മിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. കലാഗ്രാമം സാംസ്‌കാരിക സമുച്ഛയം നിർമ്മാണവും പുരോഗമിക്കുകയാണ്.
കഥകളികോപ്പു നിർമ്മാണം, അടക്കാ പുത്തൂർ ലോഹകണ്ണാടി, അടക്കാ പുത്തൂർ ശില്പകല, വള്ളുവനാടൻ കാള നിർമ്മാണം, പൂതൻ തിറകോപ്പു നിർമ്മാണം എന്നിവ വെള്ളിനേഴി ഗ്രാമത്തിന്റെ പൈതൃകമാണ്. ഇത് ടൂറിസത്തിനും വലിയ സാധ്യതകൾ നൽകും.
കുറ്റാനശ്ശേരി മുതല മൂർഖൻ കടവ് തൂക്കുപുലം ബോട്ടിംഗ്, കുളക്കാടൻ മല ഹരിത ഉദ്യാനം, ഒളപ്പമണ്ണമന, അടക്കാ പുത്തൂർലോഹ കണ്ണാടി, ശില്പകല, പൂതൻ തിറകോപ്പ് നിർമ്മാണകേന്ദ്രം, കാള നിർമ്മാണം, തിരുവാഴിയോടൻ വെറ്റില കൃഷി, തൂതപ്പുഴ പുഴ, സാംസ്‌കാരിക സമുച്ചയം, പട്ടിക്കാംതൊടി സ്മാരകം, പത്മഭൂഷൻ ഡോ.കലാമണ്ഡലം രാമൻകുട്ടി നായർ ഭവനം, കീഴ്പടം കുമാരൻ നായർ ഭവനം, കലാമണ്ഡലം നാണു നായർ ഭവനം, കലാമണ്ഡലം ഉണ്ണിക്കൃഷ്ണകുറുപ്പ് ഭവനം, കലാഅച്ചുണ്ണി പൊതുവാൾ ഭവനം, സുബ്രഹ്മണ്യ ഭാഗവതർ ഭവനം, കഥകളി മ്യൂസിയം, കഥകളികോപ്പു നിർമ്മാണകേന്ദ്രങ്ങൾ, കോതാവിൽ രാമൻകുട്ടി ഭവനം, പൂന്തോട്ടം ആയുർവേദ ആശ്രമം എന്നിവയെല്ലാം ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കൊണ്ടുവരാൻ കഴിയുന്ന സാധ്യതകളാണ്.
ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രാഥമിക പ്രോജക്ട് ചർച്ച വടകരയിലെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള സർഗാലയ ഹെറിറ്റേജ് വില്ലേജിൽ നടന്നു. നവംബർ 30നകം പഞ്ചായത്ത്തല ശില്പശാല നടത്താനും തീരുമാനമായി. വെള്ളിനേഴിയുടെ ടൂറിസ്റ്റ് മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ, സർഗാലയ സി.ഇ.ഒ പി.വി.ഭാസ്‌കരൻ, പ്രോജക്ട് ഹെഡ് റൂറൽ ആർട് ഹബ്ബ് കെ.ചന്ദ്രൻ, പ്രദീപ്, പി.കെ.ശശിധരൻ, കെ.രാമൻകുട്ടി മാസ്റ്റർ, കെ.എം.പരമേശ്വരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കഥകളി, കളമെഴുത്ത്, ശാസ്ത്രീയ സംഗീതം, ചെണ്ട, മദ്ദളം, ഇടക്ക, ശാസ്ത്രീയ നൃത്തം, ചിത്രകല, ശില്പകല, പൊറാട്ടുകളി, നന്തുണിപ്പാട്ട്, പുള്ളുവൻപാട്ട്, പരിചമുട്ടുകളി, തുയിലുണർത്തുപാട്ട്, കൈകൊട്ടിക്കളി, പുരുഷൻമാരുടെ കൈകൊട്ടിക്കളി, പാന, പൂതൻ തിറ, പാണൻ പൂതം, പറയൻ പൂതം, മാരിയമ്മൻപാട്ട്, അയ്യപ്പൻ പാട്ട്, അയ്യപ്പൻ വിളക്ക് എന്നിങ്ങനെ 32 കലകളുടെ കലവറയാണ് വെള്ളിനേഴി.