പാലക്കാട്: ദേശീയ ഫുട്‌ബാൾ മത്സരത്തിനുള്ള പരിശീലനം കഴിഞ്ഞെത്തിയ കേരള പൊലീസ് ടീമിലെ മൂന്നുതാരങ്ങളെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായ കൽപ്പാത്തി ശംഖുവാരത്തോട് സമീനമൻസിൽ ശബീർബാബു(32) വിനെയാണ് ഇന്നലെ ഉച്ചയോടെ ഒലവക്കോടുവച്ച് നോർത്ത് പൊലീസ് പിടികൂടിയത്.
കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ ശരൺ(31), ക്യാമ്പ് ഫോളോവർ അമീർ( 33), കണ്ണൂർ എ.ആർ.ക്യാമ്പിലെ അഭിജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് സംഭവം, ഫുട്‌ബാൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ മടങ്ങിയെത്തിയ പൊലീസുകാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോ വിളിച്ചപ്പോൾ അമിതവാടക ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തോടാനുബന്ധിച്ച് മുന്നുപേരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.