മണ്ണാർക്കാർട് ഡിവിഷന് സർക്കാർ വകുപ്പുകളിൽ നിന്ന് കിട്ടാനുള്ളത് ഏഴ് കോടിയിലധികം രൂപ
മണ്ണാർക്കാട്: സാധാരണക്കാരൻ ബില്ലടയ്ക്കാൻ ഒരുദിവസം വൈകിയാൽ ഫ്യൂസൂരാൻ വീട്ടിലെത്തുന്ന കെ.എസ്.ഇ.ബിക്ക് വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് കുടിശികയായി കിട്ടാനുള്ളത് കോടികളെന്ന് കണക്കുകൾ. വാർഷങ്ങളായി കുടിശിക വരുത്തുന്ന ഇവർക്കെതിരെ നടപടിയെടുക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകുന്നില്ല.
മണ്ണാർക്കാട് ഡിവിഷനിൽ മാത്രം ജല അതോറിട്ടി, ആരോഗ്യവകുപ്പ്, പൊലീസ്, കൃഷിവകുപ്പ് എന്നിവരിൽ നിന്ന് പിരിച്ചെടുക്കാനുള്ളത് ഏഴ് കോടിയോളം വരുമെന്ന് കെ.എസ്.ഇ.ബി അധികൃതരുടെ കണക്കുകൾ വ്യക്തമാക്കുന്നു. സർക്കാർ തലത്തിൽ നടപടികളുണ്ടായാൽ മാത്രമേ ഇത്രയും വലിയ തുക പിരിച്ചെടുക്കാൻ സാധിക്കു എന്നാണ് അധികൃതർ പറയുന്നത്.
1. ജല അതോറിട്ടി
കെ.എസ്.ഇ.ബി മണ്ണാർക്കാട് ഡിവിഷന്റെ കീഴിൽ ഏറ്റവുംകൂടുതൽ കുടിശ്ശിക വരുത്തിയ ഡിപ്പാർട്ട്‌മെന്റാണ് ജല അതോറിട്ടി. മണ്ണാർക്കാട്, തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നിന്നുമാത്രം കുടിശ്ശിക രണ്ട് കോടി 48 ലക്ഷത്തിലധികം കിട്ടാനുണ്ട്. കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നതിനാൽ ഫ്യൂസ് ഊരുന്നതുപോലുള്ള നടപടിയുമായി മുന്നോട്ടുപോകാൻ പരിമിതിയുണ്ട്.
2.ആരോഗ്യ വകുപ്പ്
ആരോഗ്യ വകുപ്പിന്റെ അഗളി, കോട്ടത്തറ ഭാഗങ്ങളിലെ സർക്കാർ ആശുപത്രികളുടെ വൈദ്യുതി കുടിശിക ഒരു കോടി 81 ലക്ഷം രൂപയിലധികമാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളായതിനാൽ ഇവിടെയും കർശന നിലപാടെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കെ.എസ്.ഇ.ബി.
3.കൃഷി വകുപ്പ്
മണ്ണാർക്കാട്, അഗളി, അലനല്ലൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ എന്നിവിടങ്ങളിലെ കൃഷിഭവന്റെ കീഴിലുള്ള വൈദ്യുതി കുടിശ്ശിക ഒരു കോടി 17 ലക്ഷത്തിലധികമാണ്. കാർഷിക ആവശ്യങ്ങൾക്കായുള്ള ജലസേചനത്തിനാണ് വൈദ്യുതി കൂടുതലും ഉപയോഗിക്കുന്നത്.
4.പൊലീസ്
വൈദ്യുത ബിൽ കുടിശ്ശികയിൽ പൊലീസും ഒട്ടും പുറകിലല്ല. മണ്ണാർക്കാട്, അഗളി, കല്ലടിക്കോട്, നാട്ടുകൽ സ്റ്റേഷനുകളികളിലായി ഏകദേശം 12 ലക്ഷത്തോളം രൂപയാണ് ഇവർ അടക്കാനുള്ളത്. എന്നാൽ പല ഭാഗങ്ങളിലും കെ.എസ്.ഇ.ബിയുടെ വിവിധ സുരക്ഷാ ആവശ്യങ്ങൾക്കായി പൊലീസിനെ ഉപയോഗിക്കുന്നതിനാൽ ബില്ലുകൾ പരസ്പരം കൂട്ടിക്കിഴിക്കമ്പോൾ തുക ചെറുതാവുന്നുവെന്ന ആശ്വാസം മാത്രമാണ് കെ.എസ്.ഇ.ബിക്കുള്ളത്.
ബാധ്യതകൾളെല്ലാം ജനങ്ങളുടെ മേൽ
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും വരുത്തുന്ന കുടിശികയുടെ ബാദ്ധ്യത മുഴുവൻ സാധാരണക്കാരായ ജനങ്ങൾക്കാണ്. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുകയല്ലാതെ ബോർഡിന് മുന്നിൽ മറ്റ് വഴികളില്ല. ഇതാണെങ്കിൽ സാധാരണക്കാരന്റെ നടുവൊടിക്കുകയും ചെയ്യും.