പാലക്കാട്: അട്ടപ്പാടി ചുരം റോഡിന്റെ അറ്റകുറ്റപ്പണി 15ഓടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ. ചുരം റോഡുമുതൽ പാക്കുളം വരെയുള്ള മൂന്ന് പ്രവൃത്തികളാണ് ഉടൻ ആരംഭിക്കുക. പ്രവർത്തനത്തിനായുള്ള കരിങ്കൽ ചീളുകൾ, ടാർ അടക്കമുള്ള സാമഗ്രികൾ എന്നിവ എത്തിച്ചിട്ടുണ്ട്. ടാറിന്റെ ലഭ്യതയ്ക്ക് കാലതാമസമെടുത്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
ആനമൂളിയിൽ നിന്നുള്ള 12 കിലോമീറ്ററോളം വരുന്ന ആദ്യഭാഗത്തെ പ്രവൃത്തി മണ്ണാർക്കാട് ഡിവിഷൻ പൂർത്തിയാക്കും. ബാക്കി ചുരം റോഡ് മുതൽ കൽക്കണ്ടിവരെ 25 ലക്ഷംരൂപ, 15 ലക്ഷംരൂപ എന്നിങ്ങനെയുള്ള രണ്ട് പ്രവൃത്തികളും 10 ലക്ഷം രൂപയുടെ പാക്കുളം മുതലുള്ള 2.4 കിലോമീറ്ററോളം ഭാഗത്തെ പ്രവർത്തനങ്ങളുമാണ് ആരംഭിക്കാനിരിക്കുന്നത്. ആനമൂളി മുതലുള്ള ചുരംഭാഗം റോഡ് ആദ്യം മണ്ണാർക്കാട് സെക്ഷന്റെ കീഴിലായിരുന്നുവെങ്കിലും മഴക്കാലത്ത് ചുരംറോഡ് മണ്ണാർക്കാടിന്റെ പരിധിയിൽനിന്ന് അഗളി പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലേക്ക് മാറ്റി. പാക്കുളം മുതൽ ആനക്കട്ടിവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾക്ക് ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല. അട്ടപ്പാടി മേഖലയിൽ നിർമ്മാണപ്രവൃത്തികൾക്ക് വരുന്ന അധികച്ചെലവാണ് ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതിന് കാരണം. തണുപ്പ് കൂടുതലുള്ള സ്ഥലമായതിനാൽ ടാർ ഉരുകുന്നതിലെ താമസം നിർമാണ പ്രവർത്തനം മന്ദഗതിയിലാക്കുന്നു. നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും അധികചെലവം കരാറുകാർക്ക് ബാധ്യതയാകുന്നുമുണ്ട്. നിലവിൽ ടെൻഡർ ഏറ്റെടുക്കാത്ത പ്രവർത്തനങ്ങളുടെ നടപടി വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
അട്ടപ്പാടിയിൽ ഏറ്റെടുത്തിരിക്കുന്ന മൂന്ന് പ്രവൃത്തികളുടെയും മെറ്റീരിയൽ കളക്ഷൻ റിപ്പോർട്ട് ഫിനാൻസ് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് തടസമില്ല. എന്നാൽ മൂന്ന് പ്രവൃത്തികളും 15- 18 തീയതിക്കുള്ളിൽ ഒരുമിച്ച് ആരംഭിച്ച് നവംബർ 30നുള്ളിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാർ ലഭിക്കുന്നതിനെടുത്ത കാലതാമസം പ്രവൃത്തികൾ വൈകിപ്പിച്ചുവെന്ന് കരാറുകാരൻ പറഞ്ഞു.