ഷൊർണൂർ: കേരളത്തിലെ സ്ത്രീകൾ വിശ്വാസികളുടെ തടവറയിലാണെന്ന ശശിതരൂരിന്റ പരാമർശം സ്പർദ്ദ വളർത്തുന്നതാണെന്നും ഇതുപിൻവലിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ശരണമന്ത്രങ്ങളുടെ ശക്തിയിൽ ഭരണവർഗത്തിന്റെ കണ്ണുതുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് കുളപ്പുള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തിൽ മാത്രം പുനഃപരിശോധനാഹർജിപോലും ചർച്ച ചെയ്യാതെ തിരക്കുപിടിച്ച് വിധി നടപ്പാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി മറ്റു കോടതി വിധികളുടെ കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അഭിപ്രായപ്പെട്ടു. രഥയാത്രയെ സ്വീകരിക്കാനായി ആയിരക്കണക്കിന് വിശ്വാസികളും, സംഘപരിവാർ, ബി.ഡി.ജെ.എസ് പ്രവർത്തകരുമാണ് എത്തിച്ചേർന്നത്.
എൻ.ഡി.എ ജില്ലാ ചെയർമാൻ അഡ്വ: ഇ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി കെ.കെ.ബിനു , നേതാക്കളായ എൻ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേഷ്, രമേശ് അടിമാലി, കെ.കെ.ബിനു, ശോഭാ സുരേന്ദ്രൻ, അഡ്വ:ഗോപാലകൃഷ്ണൻ, പ്രമീള ശശിധരൻ, അഹമ്മദ് തോട്ടത്തിൽ, വി.രാമൻ കുട്ടി, എൻ.ശിവരാജൻ, അഡ്വ: ശാലിന, സി. കൃഷ്ണകുമാർ, എ.എൻ.അനുരാഗ്, പി.വേണുഗോപാൽ, സി.കെ.മാധവൻ, കൃഷ്ണകുമാർ വള്ളിക്കോട്, കേശവദേവ് പുതുമന ,സുരേഷ് എസ് നമ്പൂതിരി, എ. ബാലദ് എന്നിവർ സംസാരിച്ചു. ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് വി.പി.ചന്ദ്രൻ സ്വാഗതവും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ് കുമാർ നന്ദിയും പറഞ്ഞു.