പാലക്കാട്: ഹൈന്ദവരുടെ വിശ്വാസം എന്തെന്ന് അറിയാത്തവരാണ് ശബരിമലയുടെ വിഷയത്തിൽ വിപ്ലവം ഉണ്ടാക്കാൻ ശ്രമക്കുന്നതെന്ന് സംവിധായകൻ അലി അക്ബർ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമുദായ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലേക്ക് ആളെ കയറ്റലാണ് പിണറായി വിജയന്റെ ഇപ്പോഴത്തെ ജോലി. ഹൈന്ദവർ മുതുക് കുനിച്ച് നിന്നിരുന്ന കാലം പോയി. ഇന്ന് ഹൈന്ദവ സമൂഹം ഒറ്റക്കെട്ടാണ് അതിന്റെ ഉദാഹരണമാണ് ഈ ഹിന്ദുമഹാസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയെ അശുദ്ധമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല പറഞ്ഞു. തന്ത്രിയല്ല മന്ത്രിയാണ് കൂലിക്കാരൻ. അയ്യപ്പഭക്തന്മാർ ഇന്നു നടത്തുന്ന വിപ്ലവം നാളത്തെ ചരിത്ര അദ്ധ്യാപകർ പഠിപ്പിക്കേണ്ടി വരും. ശബരിമലയിലേക്ക് യുവതികളെ സർക്കാർ മാടി വിളിക്കുകയാണ്. ഷൊർണൂർ എം.എൽ.എ അടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുമെന്നാണ് തോന്നുന്നതെന്നും ശശികല വിമർശിച്ചു.
വി.കെ.സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.സുധീർ, പ്രമീള ശശിധരൻ, ജി.രാമചന്ദ്രൻ, പി.എൻ.ദാമോധരൻ, സി.കൃഷ്ണകുമാർ, ശ്രീരാമൻ, ചന്ദ്രൻ, രാമചന്ദ്രൻ നമ്പൂതിരി, കേശവദേവ് പുതുമന എന്നിവർ സംസാരിച്ചു.