വടക്കഞ്ചേരി: പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 10 പവൻ സ്വർണഭാരണവും ഡയമണ്ട് നെക്‌ലേസും സ്‌ക്കൂട്ടറും മോഷണം പോയി. മുടപ്പല്ലൂർ, കരിപ്പാലി ശ്രുതി നിവാസിൽ റിട്ട. ബാങ്ക് ജീവനക്കാരൻ കുഞ്ചുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ വീടുപൂട്ടി കുഞ്ചു കുടുംബസമ്മേതം കാസർഗോഡ് പോയതാണ്. ഇന്നലെ രാവിലെ 11ന് ഇവരുടെ വീട്ടിലെ പൂച്ചയ്ക്ക് ഭക്ഷണം നൽകാനായെത്തിയ അയൽവാസിയായ വീട്ടമ്മയാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ഠാക്കൾ അകത്തു കടന്നിരിക്കുന്നത്. റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം വരുന്ന സ്വർണാഭരണങ്ങളും, 75,000 രൂപ വിലയുള്ള ഡയമണ്ട് നക്‌ലേസുമാണ് മോഷണം പോയത്. കൂടുതലായി വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വീട്ടുടമസ്ഥലത്തെത്തിയാലെ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

വീടിനു മുമ്പിലായി നിർത്തിയിട്ടിരുന്ന സ്‌കൂട്ടറും നഷ്ടപ്പെട്ടിട്ടുണ്ട്. പകരം ഈ സ്ഥലത്ത് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് കൊല്ലങ്കോട് ഭാഗത്തു നിന്നും മോഷണം പോയ ബൈക്കാണന്ന് പൊലീസ് പിന്നീട് കണ്ടെത്തി. വടക്കഞ്ചേരി എസ്.ഐ.എ.ആദംഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്‌ക്വാഡ്, വിരലളയാട വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.


ചിത്രം ... മോഷണം നടന്ന മുടപ്പല്ലൂർ കരിപ്പാലിയിലെ കുഞ്ചുവിന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു