പാലക്കാട്: പുണ്യഭൂമിയായ ശബരിമലയെ സി.പി.എമ്മും ബി.ജെ.പിയും ചേർന്ന് സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വിശ്വാസ പ്രചരണ ജാഥയ്ക്ക് പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ വർഗീയത പടർത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് സി.പി.എം ചെയ്യുന്നത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. സ്ത്രീസുരക്ഷയും പുരോഗമനവാദവും ഉന്നയിക്കുന്ന സി.പി.എം തന്നെയാണ് പീഡനാരോപണ വിധേയനായ പി.കെ.ശശി എം.എൽ.എയെ സംരക്ഷിക്കുന്നതെന്നും ഷാനിമോൾ പറഞ്ഞു.

പരിപാടിയിൽ ക്ഷേത്രപ്രവേശന വിളംബര വാർഷിക ഉദ്ഘാടനം മുൻ എം.പി വി.എസ്.വിജയരാഘവൻ നിർവഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. ഷാഫി പറമ്പിൽ എം.എൽ.എ, സി.വി.ബാലൻചന്ദ്രൻ, സി.ചന്ദ്രൻ, കെ.രാജു, പി.വി.രാജേഷ് , കെ.ഭവദാസ്, എസ്.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.