അലനല്ലൂർ: മലയാളിയുടെ തീൻമേശയിലെ സ്ഥിരസാന്നിദ്ധ്യമായി മാറുന്ന സോയാബീൻ സ്വന്തം വീട്ടുവളപ്പിൽ വിളയിച്ചതിന്റെ സന്തോഷത്തിലാണ് എടത്തനാട്ടുകരയിലെ പ്രവാസി കർഷകൻ. ആദ്യമൊന്നും വഴങ്ങാതെ നിന്നിരുന്ന മണ്ണിൽ സ്വപ്രയത്‌നംകൊണ്ടാണ് മാംസ്യക്കലവറ കളത്തുംപടിയൻ മുഹമ്മദ് എന്ന കർഷകൻ വിളയിച്ചത്.
ഉയർന്ന പോഷക മൂല്യമുള്ള സോയാബീൻ മലയാളി ദിവസവും കഴിക്കുമ്പോഴും കേരളത്തിൽ സോയാ കൃഷിചെയ്ത് വിജയം കൊയ്തത് അപൂർവ്വം ചിലർ മാത്രമാണ്. നിരവധി തവണ പരാജയപ്പെട്ടിട്ടും തണരാതെ മണ്ണിൽ അധ്വാനിച്ചതിന്റെ ഫലമാണ് ഈ വിജയം. എടത്തനാട്ടുകര കോട്ടപ്പള്ള ടൗണിന്റെ ഹൃദയഭാഗത്ത് 30 സെന്റ് വീട്ടുവളപ്പിലാണ് സോയാബീൻ വിളഞ്ഞു നിൽക്കുന്നത്. മാംസ്യം കൂടുതൽ അടങ്ങിയ പോഷകാഹാരമാണിത്. ഒരുപാട് അലഞ്ഞാണ് വിത്ത് സംഘടിപ്പിച്ചത്. ആറുമാസം കൊണ്ട് വിളവെടുക്കാം. പൂവ് ഉണങ്ങുമ്പോഴാണ് കായ ഉണ്ടാകുക. പൊതുവെ കീട ശല്യം കുറവാണ്. മഴ ശക്തമായതിനാൽ ഈ വർഷം കീടങ്ങളുടെ ആക്രമണം തീരെ ഉണ്ടായില്ല. കായയുടെ തൊലിപ്പുറത്തെ തൊങ്ങലുകളും കീടങ്ങളെ ചെറുക്കും. ഒ
രു ചുവട്ടിൽ 6 മുതൽ 10 വരെ കിലോഗ്രാം സോയാബീൻ ലഭിക്കുന്നുണ്ട്. കൃഷി ലാഭകരമാക്കാൻ കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയാണ്. സോയ കൊണ്ടുള്ള എണ്ണയും സോസും പൊടിയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ധാരാളം പേരാണ് കൃഷി കാണാൻ വീട്ടിലെത്തുന്നത്. പഞ്ചായത്തിന്റെ കർഷകമിത്രം പുരസ്‌കാരം നേടിയ മുഹമ്മദിന് അധ്യാപികയായ ഭാര്യ സക്കീനയുടെ സഹായമുണ്ട്.